ഡ്യുറൻഡ് കപ്പിൻ്റെ സമ്മാനദാന ചടങ്ങിനിടെ ചാമ്പ്യന്മാരായ ബെംഗളൂരു എഫ്സി ക്യാപ്റ്റൻ സുനിൽ ഛേത്രിയെ തള്ളിമാറ്റി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന പശ്ചിമ ബംഗാൾ ഗവർണർ ലാ ഗണേശൻ്റെ പ്രവൃത്തി ഏറെ വിവാദമായിരുന്നു. ഇതിനു പിന്നാലെ ടൂർണമെൻ്റ് ടോപ്പ് സ്കോററും ബെംഗളൂരു എഫ്സി താരവുമായ ശിവശക്തിയെയും തള്ളിമാറ്റുന്ന വിഡിയോ പുറത്തുവന്നിരിക്കുകയാണ്. ബംഗാൾ കായികമന്ത്രി അരൂപ് ബിശ്വാസാണ് ശിവശക്തിയെ തള്ളിമറ്റി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത്. അടുത്ത് തന്നെ ഗവർണറുമുണ്ട്.
രാജ്യത്തിനുവേണ്ടി 100ലധികം രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുത്ത ഛേത്രിയെ ഫോട്ടോഗ്രാഫര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമത്തില്‍ ഗവര്‍ണര്‍ തള്ളിയിടുകയാണുണ്ടായതെന്ന് ആരോപിച്ച് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തുന്നത്. അന്‍സുല്‍ സക്‌സേന തന്റെ ട്വിറ്ററില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് സംഭവം പുറത്തെത്തിയത്.
ഡ്യൂറന്‍ഡ് കപ്പില്‍ വിജയിച്ച് ട്രോഫി സ്വീകരിക്കുന്ന ബംഗാള്‍ ഗവര്‍ണര്‍ക്ക് അഭിനന്ദനങ്ങള്‍ എന്ന് പരിഹസിച്ചുകൊണ്ടാണ് സക്‌സേന വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഗവര്‍ണര്‍ തള്ളിമാറ്റിയെങ്കിലും പുഞ്ചിരി വിടാതെ നില്‍ക്കുന്ന ഛേത്രിയുടെ ചിത്രവും ഇതിനോടകം വൈറലായി.
വിഷയത്തില്‍ ചാമ്പ്യന്‍മാരായ ബെംഗളൂരു എഫ്സിയോ ഗവര്‍ണറോ ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ലെങ്കിലും വിഡിയോ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.