സന്തോഷ് ട്രോഫി സെമി ഫൈനൽ മത്സരത്തിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങി സൗദി അറേബ്യ. തലസ്ഥാന നഗരമായ റിയാദിലെ കിങ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ബുധനാഴ്ച മത്സരങ്ങൾക്ക് വിസിൽ മുഴങ്ങും. വിദേശ രാജ്യത്ത് നടക്കുന്ന ആദ്യത്തെ സന്തോഷ് ട്രോഫി മത്സരത്തിന് സാക്ഷികളാകാനും ചരിത്രത്തിെൻറ ഭാഗമാകാനും കഴിയുന്നതിലുള്ള സന്തോഷത്തിലാണ് സൗദി അറേബ്യ എന്ന രാജ്യവും ഇവിടുത്തെ ഇന്ത്യൻ ഫുട്ബാൾ പ്രേമികളും.
സെമിയിൽ ഇടം നേടിയ പഞ്ചാബ്, സർവിസസ്, കര്‍ണാടക, മേഘാലയ ടീമുകൾ റിയാദിലെത്തി. ആദ്യ സെമി ഫൈനൽ മത്സരം ബുധനാഴ്ച സൗദി സമയം ഉച്ചകഴിഞ്ഞ് മൂന്നിന് (ഇന്ത്യൻ സമയം വൈകീട്ട് 5.30) നടക്കും. പഞ്ചാബും മേഘാലയയും തമ്മിലാണ് ആദ്യ മത്സരം. വൈകീട്ട് 6.30 ന് (ഇന്ത്യന്‍ സമയം രാത്രി ഒമ്പത്) സർവീസസും കര്‍ണാടകയും തമ്മിൽ രണ്ടാം സെമിയിൽ മാറ്റുരക്കും. ലൂസേഴ്സ് ഫൈനല്‍ ശനിയാഴ്ച (മാർച്ച് നാല്) ഉച്ചകഴിഞ്ഞ് 3.30 ന് (ഇന്ത്യന്‍ സമയം ആറ്) നടക്കും. അന്ന് തന്നെ വൈകീട്ട് 6.30 ന് (ഇന്ത്യന്‍ സമയം രാത്രി ഒമ്പത്) ഫൈനൽ മത്സരത്തിനും റിയാദ് കിങ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയം സാക്ഷിയാകും. മത്സരം കാണാനുള്ള ഏറ്റവും കുറഞ്ഞ ടിക്കറ്റിന് വാറ്റ് ഉൾപ്പടെ അഞ്ച് സൗദി റിയാലാണ്. കാറ്റഗറി ഒന്നിന് 10 റിയാലും സിൽവർ കാറ്റഗറിക്ക് 150 റിയാലും ഗോൾഡ് കാറ്റഗറിക്ക് 300 റിയലുമാണ് മറ്റ് നിരക്കുകൾ. ticketmax.comലൂടെയും ആപ്പ് വഴിയും ടിക്കറ്റ് ലഭ്യമാണ്.