ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി അടുത്ത റൗണ്ടിലേക്ക് ലിവര്‍പൂളിന്റെ പ്രവേശനം ഉറപ്പിച്ചത് മുഹമ്മദ് സലായുടെ മാജിക് ഗോളായിരുന്നു. അസാധ്യമെന്ന് കരുതുന്ന ആംങ്കിളില്‍ നിന്നായിരുന്നു സലാ പന്ത് ഗോളിലേക്ക് തട്ടിവിട്ടത്. ആ ഗോള്‍ കണ്ട പലരും സലാഹിന് ഭൗതികശാസ്ത്ര നൊബേല്‍ കൊടുക്കണമെന്നാണ് ട്വിറ്ററില്‍ പ്രതികരിച്ചത്.
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ സീസണിലെ അഞ്ച് മത്സരങ്ങളില്‍ നിന്നും 16 ഗോളുകള്‍ അടിച്ചുകൂട്ടിയവരാണ് ബുണ്ടസ് ലിഗയിലെ ഒന്നാമന്മാരായ റെഡ് ബുള്‍ സാല്‍സ്ബര്‍ഗ്. അവസാനമായി ലിവര്‍പൂളുമായി ഏറ്റുമുട്ടിയപ്പോള്‍ ഏഴ് ഗോളുകളാണ് ആ മത്സരത്തില്‍ പിറന്നത്. 4-3ന് ലിവര്‍പൂള്‍ അന്ന് കടന്നുകൂടുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യന്‍സ് ലീഗ് മത്സരത്തിന്റെ തുടക്കവും സാല്‍സ്ബര്‍ഗിന്റെ ആക്രമണങ്ങള്‍ കണ്ടുകൊണ്ടായിരുന്നു.
ഈ കളി തോറ്റിരുന്നെങ്കില്‍ ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്താകുമായിരുന്നു. ആദ്യ പകുതിയില്‍ ഇത് തിരിച്ചറിഞ്ഞ് ലിവര്‍പൂള്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഗോള്‍വന്നില്ല. രണ്ടാം പകുതിയുടെ 57ആം മിനുറ്റില്‍ നാബി കെയ്റ്റയാണ് ലിവര്‍പൂള്‍ കാത്തിരുന്ന ഗോളടിച്ചത്. അതിന്റെ ആഘോഷം തിരും മുമ്പായിരുന്നു മുഹമ്മദ് സലാഹിന്റെ അത്ഭുതഗോള്‍.
കെയ്റ്റയുടെ ഗോള്‍ വീണ് 100 സെക്കന്റ് പൂര്‍ത്തിയാകും മുമ്പാണ് രണ്ടാം ഗോള്‍ വീണത്. പ്രതിരോധക്കാരനേയും ഗോളിയേയും കബളിപ്പിച്ച് ബോക്‌സിന്റെ ഔട്ട് വരയോട് ചേര്‍ന്ന് വലം കാലുകൊണ്ട് സലാ തൊടുത്ത പന്ത് ഉരുണ്ട് വലയിലേക്ക് പോകുന്നത് നിസഹായരായി നോക്കി നില്‍ക്കാനേ സാല്‍സ് ബര്‍ഗ് താരങ്ങള്‍ക്ക് കഴിഞ്ഞുള്ളൂ.