Football

മാനെ ലിവർപൂൾ വിടുന്നു; അടുത്ത തട്ടകം ബയേൺ മ്യൂണിക്കെന്ന് സൂചന

ലിവർപൂളിൻ്റെ സെനഗൽ താരം സാദിയോ മാനെ ക്ലബ് വിടുന്നു എന്ന് റിപ്പോർട്ട്. 6 വർഷം നീണ്ട കരിയറിനൊടുവിലാണ് താരം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് വിടാനൊരുങ്ങുന്നത്. ഒരു വർഷത്തെ കരാർ കൂടി ലിവർപൂളിൽ ബാക്കിയുണ്ടെങ്കിലും താരത്തിന് ക്ലബിൽ തുടരാൻ താത്പര്യമില്ലെന്നാണ് റിപ്പോർട്ടുകൾ. ലിവർപൂൾ വിട്ട് താരം ജർമൻ ക്ലബ് ബയേൺ മ്യൂണിക്കിലേക്ക് ചേക്കേറുമെന്നാണ് സൂചന.

2016 മുതൽ ലിവർപൂളിനൊപ്പമുള്ള മാനെ ഈജിപ്ഷ്യൻ താരം മുഹമ്മദ് സല, ബ്രസീൽ താരം റോബർട്ടോ ഫിർമിനോ എന്നിവർക്കൊപ്പം മുന്നേറ്റത്തിലെ സുപ്രധാന കണ്ണിയാണ്. ലിവർപൂളിനായി 296 മത്സരങ്ങൾ കളിച്ച മാനെ ടീമിനായി 120 ഗോളുകളും 48 അസിസ്റ്റുകളും നേടി. പ്രീമിയർ ലീഗ് കിരീടങ്ങളടക്കം ആറ് കിരീട നേട്ടങ്ങളിലും മാനെ പങ്കാളിയായി.

ബയേൺ സൂപ്പർ താരം റോബർട്ട് ലെവൻഡോവ്സ്കി ഇക്കുറി ക്ലബ് വിടുമെന്നാണ് റിപ്പോർട്ടുകൾ. ലെവൻഡോവ്സ്കി സ്പാനിഷ് ക്ലബ് ബാഴ്സയിലെത്തുമെന്നാണ് സൂചന. ലെവൻഡോവ്സ്കി ക്ലബ് വിടുമ്പോൾ മാനെയെ ടീമിലെത്തിക്കാനാണ് ബയേൺ ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.