പോർച്ചുഗലിന് ലോകകപ്പ് യോഗ്യത. പ്ലേ ഓഫ് ഫൈനലിൽ വടക്കൻ മാസിഡോണിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വീഴ്ത്തിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും ഖത്തറിലേക്ക് ടിക്കറ്റെടുത്തത്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബ്രൂണോ ഫെർണാണ്ടസ് രണ്ട് ഗോളുകളും നേടി.
ഇറ്റലിയെ ലോകകപ്പിൽ നിന്ന് പുറത്താക്കി എത്തിയ മാസിഡോണിയ പോർച്ചുഗലിന് കാര്യമായ വെല്ലുവിളി ആയില്ല. തുടക്കം മുതൽ കളിയിൽ ആധിപത്യം പുലർത്തിയ പോർച്ചുഗൽ 32ആം മിനിട്ടിൽ തന്നെ മുന്നിലെത്തി. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അസിസ്റ്റിൽ നിന്ന് ബ്രൂണോ ഫെർണാണ്ടസാണ് ഗോൾ നേടിയത്. ആദ്യ പകുതി 1-0ന് അവസാനിച്ചപ്പോൾ രണ്ടാം പകുതിയിലാണ് യുണൈറ്റഡ് അടുത്ത ഗോൾ നേടിയത്. ഒരു കൗണ്ടർ അറ്റാക്കിനൊടുവിൽ ഡിയേഗോ ജോട്ട നൽകിയ പാസ് ഒരു വോളിയിലൂടെ ബ്രൂണോ വലയിലെത്തിക്കുകയായിരുന്നു.
ഇക്കൊല്ലം നവംബർ-ഡിസംബർ മാസങ്ങളിലായാണ് ഫുട്‌ബോൾ ലോകകപ്പ്. യുക്രൈനെതിരെ നടത്തുന്ന അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയെ ലോകകപ്പിൽ നിന്ന് വിലക്കിയിരിക്കുകയാണ്. 32 ടീമുകളാണ് ലോകകപ്പിൽ കളിക്കുക. ആതിഥേയരായ ഖത്തർ, നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ്, ബ്രസീൽ, അർജന്റീന തുടങ്ങി 15 ടീമുകൾ ഇതിനകം ലോകകപ്പ് യോഗ്യത ഉറപ്പിച്ചു.