നോട്ടിങ്ഹാം ഫോറസ്റ്റിനെ തകർത്ത് അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗ് യോഗ്യതയിലേക്കുള്ള ദൂരം കുറച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ യുണൈറ്റഡിന്റെ വിജയം എതിരില്ലാത്ത രണ്ടു ഗോളുകൾക്ക്. പരുക്ക് ടീമിന് ടീമിന്റെ തുലനതയെ ബാധിച്ച ക്ലബിന് ഇന്നത്തെ വിജയം നൽകുന്ന ആത്മവിശ്വാസം ചെറുതായിരിക്കില്ല. ഇന്നത്തെ വിജയത്തോടെ പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ 30 മത്സരങ്ങളിൽ നിന്ന് 18 വിജയവും 5 സമനിലയും 7 തോൽവിയുമായി 59 പോയിന്റുകളാണ് യൂണൈറ്റഡിനുള്ളത്. 31 മത്സരങ്ങളിൽ നിന്ന് 74 പോയിന്റുകളുമായി ആഴ്‌സണൽ ഒന്നാം സ്ഥാനത്തും 30 മത്സരങ്ങളിൽ നിന്ന് 70 പോയിന്റുകൾ നേടി മാഞ്ചസ്റ്റർ സിറ്റി രണ്ടാം സ്ഥാനത്തുമാണ്. ഈ സീസണിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടത്തിനുള്ള പോരാട്ടം ആഴ്‌സണൽ – മാഞ്ചസ്റ്റർ സിറ്റി ടീമുകൾ തമ്മിലാണ്.
കഴിഞ്ഞ മത്സരത്തിൽ, യൂറോപ്പ ലീഗിൽ സെവിയക്കെതിരെ സമനിലയിൽ കുരുങ്ങിയ ടീമിന് വിജയവഴിയിൽ തിരിച്ചെത്തേണ്ടത് അനിവാര്യമായിരുന്നു. പ്രത്യേകിച്ചും കഴിഞ്ഞ മത്സരത്തിൽ ടീമിന്റെ പ്രതിരോധ തൂണുകളായ ലിസാൻഡ്രോ മാർട്ടിനെസും റാഫേൽ വരാനെയും പരുക്ക് മൂലം കളിക്കളം വിടേണ്ട സാഹചര്യം രൂപപെട്ടതിനാൽ. അവർക്ക് പകരക്കാരായി ഇന്ന് ഹാരി മഗ്വയറിനെയും വിക്ടർ ലിന്ഡാലോഫുമാണ് ടീമിന്റെ പ്രതിരോധം കാത്തത്. കൂടാതെ, പരുക്കേറ്റ മലാസിയക്ക് പകരം ഡാലോട്ടും കളിക്കളത്തിൽ ഇറങ്ങി. ഇന്ന് വാംഅപ്പ് സമയത്ത് പരുക്കിന്റെ പിടിയിൽ പെട്ട സാബിസ്റ്ററിന് പകരം എറിക്സണും ഇറങ്ങി.
ബ്രസീൽ താരം ആന്റണിയാണ് മത്സരത്തിൽ ആദ്യ ഗോൾ നേടിയത്. മുപ്പത്തി രണ്ടാം മിനുട്ടിൽ നോട്ടിങ്ഹാം ഗോൾകീപ്പർ കെയ്‌ലർ നവാസ് തടുത്തിട്ട മർഷ്യലിന്റെ ഷോട്ട് റീബൗണ്ടിൽ ആന്റണി വലയിലെത്തിക്കുകയായിരുന്നു. രണ്ടാം പകുതിയിൽ വീണ്ടും യുണൈറ്റഡ് ഗോൾ നേടി. ആന്റണി രൂപപ്പെടുത്തിയെടുത്ത അവസരം ഡാലോട്ട് ലക്ഷ്യത്തിൽ എത്തിക്കുകയായിരുന്നു. യുണൈറ്റഡ് ജേഴ്സിയിൽ പ്രീമിയർ ലീഗിൽ ഡാലോട്ട് നേടുന്ന ആദ്യ ഗോളായിരുന്നു അത്. നോട്ടിങ്ഹാം താരങ്ങളായ അവോണിയിയും ഫെലിപ്പേയും അവസരങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചെങ്കിലും ബ്രൂണോ ഫെർണാണ്ടസും എറിക്സണും അടങ്ങുന്ന ചെകുത്താന്മാരുടെ മധ്യനിര അത് വിഫലമാക്കി. യൂറോപ്പ ലീഗിന്റെ ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദത്തിൽ സെവിയ്ക്ക് എതിരെയാണ് യുണൈറ്റഡ് അടുത്ത മത്സരം കളിക്കുക.