Football

വിലക്ക് റദ്ദാക്കി; മാഞ്ചസ്റ്റര്‍ സിറ്റിക്ക് ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാം

സാമ്പത്തിക തട്ടിപ്പിന്റെ പേരിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ യുവേഫ ഏർപ്പെടുത്തിയിരുന്ന രണ്ടു വർഷത്തെ വിലക്ക് കായിക തർക്ക പരിഹാര കോടതി റദ്ദാക്കി. ഇതോടെ അടുത്ത രണ്ടു വർഷത്തെ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിലും സിറ്റിക്ക് കളി തുടരാം.

യൂറോപ്യൻ ഫുട്ബോൾ ക്ലബ്ബുകളുടെ സാമ്പത്തിക ഇടപാടുകൾ നിയന്ത്രിക്കുന്ന ഫിനാൻഷ്യൽ ഫെയർപ്ലേ ചട്ടങ്ങൾ ലംഘിച്ചതിനും യുവേഫയെ തെറ്റിദ്ധരിപ്പിച്ചതിനുമാണ് സിറ്റിക്ക് യൂറോപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ക്ലബ്ബ് ചാമ്പ്യൻഷിപ്പായ ചാമ്പ്യൻസ് ലീഗിൽ നിന്ന് ഈ വർഷം ആദ്യം വിലക്ക് വന്നത്. ഇതിനെതിരേ മാഞ്ചസ്റ്റർ സിറ്റി ഗ്രൂപ്പ് അപ്പീൽ നൽകുകയായിരുന്നു. അപ്പീൽ പരിഗണിച്ച കായിക തർക്ക പരിഹാര കോടതി സിറ്റിക്ക് അനുകൂലമായി വിധി പറഞ്ഞു.

ഇംഗ്ലീഷ്​ പ്രീമിയർ ലീഗ്​ ക്ലബ്​ സാമ്പത്തിക തിരിമറി നടത്തിയിട്ടില്ലെന്നാണ്​ സ്വിറ്റ്​സർലൻഡിലെ ലൊസാനെ​​ ആസ്​ഥാനമായി പ്രവർത്തിക്കുന്ന കായിക തർക്ക പരിഹാര കോടതി (സി.എ.സ്​) കണ്ടെത്തിയത്​. ക്ലബിന്റെ ഓഹരി നിക്ഷേപങ്ങളെ സ്​പോൺസർഷിപ്പ്​ വരുമാനമാക്കി സിറ്റി ഓഡിറ്റിൽ കാണിച്ചുവെന്നായിരുന്നു യുവേഫയുടെ ഫിനാൻഷ്യൽ ക​​​ൺട്രോൾ ബോഡി (സി.എഫ്​.സി.ബി)യുടെ കണ്ടെത്തൽ. നിലവിൽ പ്രീമിയർ ലീഗിൽ രണ്ടാം സ്​ഥാനം ഉറപ്പിച്ചിട്ടുള്ള മാഞ്ചസ്​റ്റർ സിറ്റി അടുത്ത സീസണിലും യൂറോപ്യൻ പോരാട്ടത്തിൽ ഉണ്ടാവുമെന്നുറപ്പായി.

2018 നവംബറിൽ സിറ്റിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകൾ ജർമൻ മാഗസിനായ ‘ദെർ സ്പീഗൽ’ ആണ് പുറത്തുവിട്ടത്. 2012-2016 കാലയളവിൽ സിറ്റിയുടെ പല ഇടപാടുകളും യുവേഫയുടെ ചട്ടങ്ങൾ ലംഘിച്ചാണ് നടത്തിയതെന്ന് ഈ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. തുടർന്ന് യുവേഫ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. രണ്ടു വർഷം വിലക്കിനു പുറമെ 30 ദശലക്ഷം യൂറോ (​ഏകദേശം 255 കോടി) പിഴയായി യുവേഫക്ക്​ നൽകണമെന്നുമായിരുന്നു ഉത്തരവ്​. പിഴ 85 കോടിയായി കായിക തർക്ക പരിഹാര കോടതി കുറക്കുകയും ചെയ്​തു. യുവേഫയുടെ ഫിനാൽഷ്യൽ ബോഡി സിറ്റിക്കെതിരെ സമർപ്പിച്ച കുറ്റങ്ങളൊന്നും നിലനിൽക്കുന്നതല്ലെന്നും കോടതി പറഞ്ഞു.

യു​വേഫ അതോറിറ്റിയുമായി സഹകരിക്കുന്നതിൽ മാഞ്ചസ്​റ്റർ സിറ്റിക്ക്​ വീഴ്​ച സംഭവിച്ചിട്ടുണ്ടെന്നും എന്നാൽ, രണ്ടു വർഷത്തേക്ക്​ വിലക്കാനുള്ള യുവേഫയുടെ തീരുമാനം ശരി​യല്ലെന്നും കോടതി പറഞ്ഞു. വിധിയെ സിറ്റിയുടെ ഉടമസ്​ഥരും ആരാധകരും സ്വാഗതം ചെയ്​തു. ഇതോടെ, വിലക്ക്​ സ്​ഥിരപ്പെട്ടാൽ ക്ലബ്​ കോച്ച്​ പെപ് ഗാർഡിയോളയും താരങ്ങളും ക്ലബ്​ വിടുമോയെന്ന ആശങ്ക ഇല്ലാതായി.

അബുദാബി രാജകുടുംബാംഗം ഷെയ്ഖ് മൻസൂറിന്റെ ഉടമസ്ഥതയിലുള്ള അബുദാബി യുണൈറ്റഡ് ഗ്രൂപ്പാണ് സിറ്റി ഫുട്ബോൾ ഗ്രൂപ്പിന്റെ ഉടമകൾ. യു.എ.ഇ വിമാനക്കമ്പനിയായ ഇത്തിഹാദ് ആണ് ടീമിന്റെ പ്രധാന സ്പോൺസർമാർ.