Football

എത്തിഹാദിൽ തീപാറും: ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റി – റയൽ മാഡ്രിഡ് പോരാട്ടം

ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ നിലവിലെ ജേതാക്കളായ റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റിയെ നേരിടുന്നു. മാഞ്ചസ്റ്റർ സിറ്റിയുടെ ഹോം മൈതാനമായ എത്തിഹാദ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഇന്ന് രാത്രി 12:30 നാണ് മത്സരം. സെമി ഫൈനലിന്റെ ആദ്യ പാദ മത്സരം ഇരു ടീമുകളും ഒരു ഗോളുകൾ സമനിലയിൽ അവസാനിപ്പിച്ചിരുന്നു. അതിനാൽ തന്നെ, ഇസ്താംബൂളിൽ നടക്കുന്ന ഫൈനലിലേക്ക് യോഗ്യത നേടുന്നതിന് ഇന്നത്തെ മത്സരം ഇരുത്തി ടീമുകൾക്കും നിർണായകമാണ്. ആദ്യ മത്സരത്തിൽ റയലിനായി വിനീഷ്യസ് ജൂനിയറും സിറ്റിക്കായി കെവിൻ ഡി ബ്രൂയ്നെയും ഗോളുകൾ നേടിയിരുന്നു.

കഴിഞ്ഞ 22 മത്സരങ്ങളിലും തോൽവിയറിയാതെയാണ് സിറ്റി കുതിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലാകട്ടെ ഒരു ജയം അകലെ ടീമിന്റെ ഹാട്രിക്ക്
ലീഗ് കിരീടം കാത്തിരിക്കുന്നു. സ്വന്തം മൈതാനത്ത് അതിശക്തരായ സിറ്റി അവിടെ കളിച്ച അവസാനത്തെ 18 മത്സരത്തിലും തോൽവി നേരിട്ടിട്ടില്ല. ശക്തമായ പ്രതിരോധ നിരക്കും അവസരങ്ങൾ സൃഷ്ടിക്കുന്ന മധ്യ നിരക്കും ഒപ്പം മുന്നേറ്റ നിരയിൽ ഒരു ഭ്രാന്തനെ പോലെ ഗോളുകൾ നേടുന്ന ഏർലിങ് ഹാലണ്ടും മാഡ്രിഡിനെ പ്രതിരോധത്തിലാക്കും. കഴിഞ്ഞ മത്സരത്തിൽ മാഡ്രിഡിന് ഹാളണ്ടിനെ പൂട്ടാൻ സാധിച്ചെങ്കിലും പെപ് ഗാർഡിയോള എന്ന തന്ത്രജ്ഞൻ എത്തിഹാദിൽ പയറ്റുന്ന പുതിയ തന്ത്രങ്ങൾ കണ്ടുതന്നെ അറിയണം.

എന്നാൽ, ഒരു പക്കാ ചാമ്പ്യൻസ് ലീഗായ മാഡ്രിഡിനെ എതിരാളികൾ ഭയക്കണം. ലീഗിൽ സ്ഥിരതയില്ലാത്ത പ്രകടനം കാഴ്ചവെക്കുന്ന മാഡ്രിഡിന്റെ ചാമ്പ്യൻസ് ലീഗിലെ ആധിപത്യം എടുത്ത് പറയേണ്ടതാണ്. പൊസഷൻ ഫുട്ബോൾ കളിക്കുന്ന സിറ്റിക്കെതിരെ മാഡ്രിഡിന്റെ കൗണ്ടറുകൾ മൂർച്ചയുള്ളതാകുന്നത് കഴിഞ്ഞ മത്സരത്തിൽ കണ്ടിരുന്നു. പ്രത്യേകിച്ചും, വിങ്ങുകളിൽ തീപ്പൊരി നിറയ്ക്കുന്ന വിനീഷ്യസ് – റോഡ്രിഗോ എന്ന ബ്രസീലിയൻ യുവതാരങ്ങൾ കളിക്കളത്തിൽ ഇറങ്ങുമ്പോൾ. മുന്നേറ്റ നിറയെ നയിക്കാൻ കരിം ബെൻസേമയും ഇറങ്ങുമ്പോൾ മത്സരം മൂർച്ചയുള്ളതാകുന്നു.