ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ചിരവൈരികളുടെ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ലിവർപൂളിന് വമ്പൻ ജയം. ഹോം ഗ്രൗണ്ടായ ആൻഫീൽഡിൽ മറുപടിയില്ലാത്ത 7 ഗോളുകൾക്കാണ് ചെമ്പട വിജയിച്ചത്. കോഡി ഗാക്‌പോ, ഡാർവിൻ ന്യൂനസ്, മുഹമ്മദ് സലാ എന്നിവർ ഇരട്ട ഗോൾ നേടിയപ്പോൾ റോബർട്ടോ ഫിർമീന്യോയാണ് ശേഷിക്കുന്ന ഗോൾ നേടിയത്.
1931 ൽ വോൾവർഹാംപ്ടൺ വാണ്ടറേഴ്സിനോട് 7-0ന് തോറ്റതിന് ശേഷം ക്ലബ്ബിന്റെ ഏറ്റവും ദയനീയമായ പരാജയമാണിത്. ആൻഫീൽഡിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്ന തുടക്കമാണ് കാണാൻ കഴിഞ്ഞത്. മത്സരം ആദ്യ പകുതിക്ക് പിരിയാൻ മിനുട്ടുകൾ മാത്രം ബാക്കിയിരിക്കെ കോഡി ഗാക്പോ ആണ് ലിവർപൂളിന് ലീഡ് നൽകിയത്.
രണ്ടാം പകുതി തുടങ്ങി മിനിറ്റുകൾക്കുള്ളിൽ ലിവർപൂൾ ലീഡ് ഇരട്ടിയായി. ഇത്തവണ ഡാർവിൻ ന്യൂനസിന്റെ ഹെഡർ. സ്കോർ 2-0. മൂന്ന് മിനിറ്റുകൾക്ക് ശേഷം ഗാക്പോ തന്റെ രണ്ടാം ഗോളും സ്കോർ ചെയ്തതോടെ യുണൈറ്റഡ് മൂന്ന് ഗോളിന് പിന്നിൽ. മാഞ്ചസ്റ്റർ യുണൈറ്റഡ് പല മാറ്റങ്ങളും നടത്തി നോക്കി എങ്കിലും ഫലം ഉണ്ടായില്ല.
അറുപത്തിയാറാം മിനിറ്റിൽ സലയും ഗോൾപട്ടികയിൽ ഇടം പിടിച്ചു. 75 ആം മിനിറ്റിൽ ന്യൂനസിന്റെ ഹെഡറിൽ അഞ്ചാം ഗോൾ. 83 ആം മിനിറ്റിൽ രണ്ടാമതും ഗോൾ വല കുലുക്കി സല ടീമിന്റെ ഗോൾനേട്ടം ആറാക്കിയപ്പോൾ, നിശ്ചിത സമയം അവസാനിക്കാൻ 2 മിനിറ്റ് മാത്രം ബാക്കി നിൽക്കെ റോബർട്ടോ ഫിർമീന്യോ യുണൈറ്റഡിന്റെ മേൽ അവസാന പ്രഹരവും ഏൽപ്പിച്ചു.