ബാഴ്‌സയിലേക്ക് മടങ്ങിവരവില്ലെന്നുറപ്പിച്ച് ലയണല്‍ മെസി അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിയിലേക്ക്. ക്ലബുമായി രണ്ട് വര്‍ഷത്തെ കരാറില്‍ മെസി ഒപ്പുവച്ചുവെന്നാണ് റിപ്പോര്‍ട്ട്. ബാഴ്‌സലോണയിലേക്കുള്ള മടങ്ങിവരവ് പ്രതിസന്ധിയിലായതോടെയാണ് തീരുമാനമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
മുന്‍ സൂപ്പര്‍ താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ളതാണ് ഇന്റര്‍ മിയാമി. സൗദി പ്രോ ലീഗ് ടീമായ അല്‍ ഹിലാലില്‍ മെസി ചേരുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതെല്ലാം തള്ളിക്കൊണ്ടാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. 54 ദശലക്ഷം ഡോളറിന്റെ ഓഫറാണ് മെസിക്ക് മുന്നില്‍ മിയാമി വച്ചിരിക്കുന്നത്.
ബാഴ്സലോണ വിട്ട് 2021ലാണ് മെസി പിഎസ്ജിയില്‍ എത്തിയത്. ബാഴ്സലോണയ്‌ക്കൊപ്പമുണ്ടായിരുന്നപ്പോള്‍ ആറ് ബാലണ്‍ ഡി ഓര്‍ പുരസ്‌കാരങ്ങള്‍ ലയണല്‍ മെസി സ്വന്തമാക്കി. 778 മത്സരങ്ങളില്‍ നിന്ന് 672 ഗോളുകള്‍ നേടിയ മെസി ടീമിന്റെ എക്കാലത്തെയും മികച്ച സ്‌കോററായി തുടരുകയാണ്. ഒപ്പം 520 മത്സരങ്ങളില്‍ നിന്ന് 474 ഗോളുകള്‍ നേടിയ സ്പാനിഷ് ലീഗിലെ ടോപ് സ്‌കോററും. എട്ട് സീസണുകളില്‍ സ്പാനിഷ് ലീഗിലെ ടോപ് സ്‌കോററും ആറ് തവണ ചാമ്പ്യന്‍സ് ലീഗിലെ ടോപ് സ്‌കോററുമായിരുന്നു മെസി.