Football

ദ ബെസ്റ്റ് ഫിഫ ഫുട്‌ബോളർ 2022; മികച്ച വനിതാ താരം അലക്സിയ പുട്ടെല്ലസ്

കഴിഞ്ഞ വർഷത്തെ ദ ബെസ്റ്റ് ഫിഫ ഫുട്‌ബോൾ അവാർഡ്‌സ് 2022 ലെ ജേതാക്കളെ പ്രഖ്യാപിച്ചു. മികച്ച വനിതാ താരത്തിനുള്ള അവാർഡ് അലക്സിയ പുട്ടെല്ലസ് നേടി. ഫിഫയുടെ തുടർച്ചയായ രണ്ടാമത്തെ മികച്ച അവാർഡാണിത്. വനിതകളിൽ ആഴ്‌സനലിന്റെയും ഇംഗ്ലണ്ടിന്റെയും മുന്നേറ്റ നിരക്കാരി ബെത്ത് മീഡ്, അമേരിക്കയുടെ അലക്‌സ് മോർഗൻ, സ്‌പെയിനിന്റെയും ബാഴ്‌സലോണയുടെയും മിഡ്ഫീൽഡർ അലക്‌സിയ പുട്ടെല്ലസ് എന്നിവരാണ് അന്തിമ പട്ടികയിൽ ഇടം നേടിയിരുന്നത്.(Lionel Messi and Alexia Putellas win 2022 FIFA Best player awards)

ദ ബെസ്റ്റ് ഫിഫ ഫുട്‌ബോളറായി അർജന്റീന ക്യാപ്റ്റൻ ലയണൽ മെസിയെ തെരെഞ്ഞെടുത്തു. ഫ്രഞ്ച് താരങ്ങളായ കിലിയൻ എംബാപ്പെ, കരീം ബെൻസേമ എന്നിവരാണ് അന്തിമ പട്ടികയിലുണ്ടായിരുന്നത്. ലോകകപ്പില്‍ കിരീടത്തിന് ഒപ്പം ഗോള്‍ഡന്‍ ബോളും മെസ്സി സ്വന്തമാക്കിയിരുന്നു.എംബപ്പെ ലോകകപ്പില്‍ ടോപ് സ്കോറര്‍ ആയി എങ്കിലും ലോക കിരീടം നേടിയില്ല എന്നതു കൊണ്ട് മെസിക്ക് മുകളില്‍ എത്താന്‍ ആയില്ല. കരീം ബെന്‍സീമക്ക് അവസാന സീസണ്‍ വളരെ മികച്ചതായിരുന്നു. ബെന്‍സീമ റയലിനൊപ്പം ചാമ്പ്യൻസ് ലീഗും നേടിയിരുന്നു. മെസി ഇത് രണ്ടാം തവണയാണ് ഫിഫ ബെസ്റ്റ് സ്വന്തമാക്കുന്നത്. 2019ലും മെസി ഫിഫ ബെസ്റ്റ് പുരസ്കാരം നേടിയിരുന്നു.

വേദിയിൽ എത്തുന്നത് ഒരു ബഹുമതിയാണെന്നും വിജയിക്കാൻ സാധിച്ചത് അതിലും മഹത്തരമാണെന്നും മെസി പറഞ്ഞു . ലോകകപ്പ് നേടുകയെന്നത് ഒരു സ്വപ്ന സാക്ഷാത്കാരമാണെന്നും അർജന്റീനയിലെ സഹതാരങ്ങൾക്കും കുടുംബത്തിനും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അർജന്റീനയുടെ എമിലിയാനോ മാർട്ടിനസ് ദ ബെസ്റ്റ് ഫിഫ ഫുട്‌ബോൾ അവാർഡിലെ മികച്ച പുരുഷ ഗോൾ കീപ്പറിനുള്ള അവാർഡ് നേടി. ഗോൾ കീപ്പർമാരുടെ സാധ്യതാ പട്ടികയിൽ മൊറോക്കോയുടെ യാസീൻ ബനോ, അർജന്റീനയുടെ എമിലിയാനോ മാർട്ടിനസ്, ബെൽജിയത്തിന്റെ തിബോ കോർട്ടുവ എന്നിവരാണ് ഉണ്ടായിരുന്നത്.

ഫിഫയുടെ ഏറ്റവും മികച്ച പുരുഷ പരിശീലകനുള്ള ജേതാവ് അർജന്റീനയുടെ ലോകകപ്പ് നേടിയ പരിശീലകൻ ലയണൽ സ്‌കലോനിയാണ്.മികച്ച വനിതാ പരിശീലകയായത് സറീന വീഗ്മാനാണ്.

മികച്ച പുരുഷ താരം: ലയണൽ മെസ്സി
മികച്ച വനിതാ താരം: അലക്സിയ പുട്ടെല്ലസ്
മികച്ച പുരുഷ ഗോൾകീപ്പർ: എമിലിയാനോ ഡിബു മാർട്ടിനെസ്
മികച്ച വനിതാ ഗോൾകീപ്പർ: മേരി ഇയർപ്‌സ്
മികച്ച പുരുഷ പരിശീലകൻ: ലയണൽ സ്‌കലോനി
മികച്ച വനിതാ കോച്ച്: സറീന വിഗ്മാൻ
മികച്ച പുഷ്കാസ് അവാർഡ്: മാർസിൻ ഒലെക്സി
മികച്ച ആരാധകനുള്ള പുരസ്കാരം: അർജന്റീന ആരാധകർ
മികച്ച ഫെയർ പ്ലേ അവാർഡ്: ലൂക്കാ ലൊചോഷ്വിലി