Football

കേരള ബ്ലാസ്‌റ്റേഴ്‌സ് വിലക്ക് നേരിടുമോ? ; തെളിവനുസരിച്ചാകും നടപടിയെന്ന് ഫുട്ബോൾ ഫെഡറേഷൻ

മത്സരം പൂർത്തിയാകുന്നതിന് മുമ്പ് ഒരു ടീം ഗ്രൗണ്ട് വിടുന്നത് ഇന്ത്യൻ സൂപ്പർലീഗ് ചരിത്രത്തിൽ ആദ്യത്തെ സംഭവമാണ്. ബെംഗളൂരു എഫ്സിക്കെതിരായ പ്ലേ ഓഫ് മത്സരത്തിൽ എക്സ്ട്രാ ടൈമിലെ ഫ്രീ കിക്ക് ഗോളിനെച്ചൊല്ലി തർക്കിച്ച് ബ്ലാസ്റ്റേഴ്സ് തിരിച്ചുകയറിയത് ഇന്ത്യൻ ഫുട്ബോളിൽ വലിയ പ്രത്യാഘാതമാകും സൃഷ്ടിക്കുക. (Kerala blasters isl play off controversial sunil chhetri freekick)

ബ്ലാസ്റ്റേഴ്സിനെതിരേ ഫുട്ബോൾ ചട്ടപ്രകാരം കനത്ത നടപടി സ്വീകരിച്ചേക്കാം, എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്താണ് തെറ്റെങ്കിൽ ഒരു സീസൺ വിലക്ക് വന്നേക്കാം. അല്ലെങ്കിൽ കനത്ത തുക പിഴയായി നൽകേണ്ടി വരും. സംഭവത്തെ കുറിച്ച് മാച്ച് കമ്മീഷണർ നൽകുന്ന റിപ്പോർട്ടും ബ്ലാസ്റ്റേഴ്സ് നൽകുന്ന തെളിവും പരാതിയും അനുസരിച്ചാകും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ നടപടി സ്വീകരിക്കുക.

ക്വിക്ക് റീസ്റ്റാർട്ടിലാണ് ഗോൾ അനുവദിച്ചത് എന്ന പോയിന്റിൽ ഊന്നിയാകും മാച്ച് കമ്മീഷ്ണർ റിപ്പോർട്ട് നൽകുക. എന്നാൽ അങ്ങനെയെല്ലെന്ന് തെളിയിക്കുന്ന വിഡിയോ ബ്ലാസ്റ്റേഴ്സ് ഹാജരാക്കാനും സാധ്യതയുണ്ട്. ക്വിക്ക് റീ സ്റ്റാർട്ടിൽ കളി വീണ്ടും ആരംഭിച്ചെന്നാണ് ബെംഗളൂരുവിന്റെ വാദം. പക്ഷേ ഫൗൾ കഴിഞ്ഞ് ഏറെ നേരം കഴിഞ്ഞാണ് ഛേത്രിയുടെ ഫ്രീ കിക്ക് ഗോൾ വരുന്നത്. ആ സമയത്ത് ഗോൾകീപ്പർ പോലും സ്ഥാനം തെറ്റിയാണ് നിന്നിരുന്നത്. ഇതാണ് ബ്ലാസ്റ്റേഴ്സ് പ്രതിഷേധിക്കാനുള്ള കാരണവും.