കേരള ബ്ലാസ്റ്റേഴ്സിന്റെ സഹ പരിശീലകൻ ഇഷ്ഫാഖ് അഹമ്മദ് ക്ലബ് വിട്ടു. പരിശീലകനുമായുള്ള കരാർ പരസ്പര ധാരണയിൽ അവസാനിപ്പിച്ചതായി ക്ലബ് ഔദ്യോഗികമായി അറിയിച്ചു. കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ താരം കൂടിയായിരുന്ന ഇഷ്ഫാഖ് കഴിഞ്ഞ നാല് വർഷം ടീമിന്റെ സഹ പരിശീലകനായി പ്രവർത്തിച്ചു വരുകയായിരുന്നു. മുൻപ് മുഖ്യ പരിശീലകർ ക്ലബ് വിടുമ്പോൾ ടീമിന്റെ സാരഥ്യം ഏറ്റെടുത്തിരുന്നത് ഇഷ്ഫാഖ് ആയിരുന്നു. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ ടെക്‌നിക്കൽ കമ്മിറ്റി അംഗം കൂടിയാണ് ഈ കശ്മീർ ഫുട്ബോളർ. ഇഷ്‌ഫാഖ് അഹമ്മദ് ക്ലബ് വിട്ട സാഹചര്യത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ സഹ പരിശീലകനായുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്.
2015ൽ കേരള ബ്ലാസ്റ്റേഴ്സിലൂടെയാണ് ഇഷ്ഫാഖ് തന്റെ കോച്ചിങ് കരിയർ ആരംഭിക്കുന്നത്. അന്ന് അദ്ദേഹം പരിശീലക കുപ്പായം അണിയുന്നതിനൊപ്പം കളിക്കാരനായി ടീമിന്റെ ഒപ്പം കളിക്കളത്തിൽ ഇറങ്ങുകയും ചെയ്യുമായിരുന്നു. തുടർന്ന്, വിരമിക്കലിനു ശേഷം 2017ൽ മുൻ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ സ്റ്റീവ് കോപ്പലിന്റെ കീഴിൽ ജംഷഡ്‌പൂരിലേക്ക് സഹപരിശീലകനായി ചേക്കേറി. തുടർന്ന് 2019ൽ ഇഷ്ഫാഖ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് സഹപരിശീലക സ്ഥാനത്തേക്ക് തിരികെയെത്തി. സൂപ്പർ കപ്പിൽ നിന്ന് ക്ലബ് പുറത്തായ സാഹചര്യത്തിലാണ് പരിശീലകൻ ക്ലബ് വിടുന്നത്.
കഴിഞ്ഞ നാല് വർഷം ടീമിനൊപ്പം ഉണ്ടായിരുന്ന ഇഷ്ഫാഖിനോട് കേരള ബ്ലാസ്റ്റേഴ്സിന്റെ സ്‌പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസ് നന്ദി രേഖപ്പെടുത്തി. ആദ്യം ഒരു കളിക്കാരൻ എന്ന നിലയിലും പിന്നീട് കോച്ച് എന്ന സ്ഥാനം വഹിച്ചുകൊണ്ടും കാണിച്ച കളിയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം ക്ലബ്ബിന്റെ ചരിത്രത്തിൽ അദ്ദേഹത്തിന്റെ സ്ഥാനം സവിശേഷമാക്കി നിലനിർത്തും. കേരള ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിന്റെ ഭാഗമായി ക്ലബ്ബ് അദ്ദേഹത്തെ എപ്പോഴും ഇരു കൈകളും നീട്ടി സ്വീകരിക്കും. ഇഷ്ഫാഖിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് ക്ലബ്ബ് എല്ലാവിധ ആശംസകളും നേരുന്നതായതും അദ്ദേഹം വ്യക്തമാക്കി.