Football

ഐപിഎൽ 2022; നാളെ ചെന്നൈ കൊൽക്കത്ത പോരാട്ടം; വിദേശ താരങ്ങള്‍ എത്താന്‍ വൈകും

ഐപിഎൽ പതിനഞ്ചാം സീസണിന് നാളെയാണ് മുംബൈയിൽ തുടക്കമാകും. നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്‌സ് ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. വാംഖഡേ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. കഴിഞ്ഞ സീസണിലെ ഫൈനലിന്‍റെ ആവർത്തനമാണ് ഇത്തവണത്തെ ആദ്യ മത്സരം. ഗുജറാത്ത് ടൈറ്റൻസും ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സും വന്നതോടെ ഈ സീസൺ മുതൽ ഐപിഎല്ലിൽ പത്ത് ടീമുകളാണ് മത്സരിക്കുന്നത്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനും തുടക്കം പ്രതിസന്ധിയാണ്. ഓസീസ് താരങ്ങളായ ആരോൺ ഫിഞ്ചിനും പാറ്റ് കമ്മിൻസിനും ആദ്യ നാല് മത്സരങ്ങളിൽ കളിക്കാനാകില്ല. പാകിസ്‌താനുമായുള്ള ഓസ്ട്രേലിയയുടെ പരമ്പര തീരുന്ന ഏപ്രിൽ 5 വരെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ താരങ്ങളെ ഐപിഎല്ലില്‍ കളിക്കുന്നതില്‍ നിന്ന് വിലക്കിയിരിക്കുന്നത്.

ഡൽഹി ക്യാപ്പിറ്റൽസ് ഓപ്പണിംഗിൽ ആദ്യ രണ്ട് മത്സരങ്ങളിൽ ഓസീസ് താരം ഡേവിഡ് വാർണറിന് പകരക്കാരനെ തേടണം നായകൻ റിഷഭ് പന്തിന്. ഓസീസ് ഓള്‍റൗണ്ടര്‍ മിച്ചൽ മാർഷ് മൂന്ന് കളികളിൽ ഉണ്ടാകില്ല. ബംഗ്ലാദേശിന്‍റെ ദക്ഷിണാഫ്രിക്കൻ പര്യടനം കാരണം ലുംഗി എൻഗിഡി, മുസ്‌തഫിസുർ റഹ്മാൻ എന്നീ വിദേശ താരങ്ങളേയും ആദ്യ മത്സരത്തിൽ ഡൽഹിക്ക് ഇറക്കാനാകില്ല. പരുക്കിൽ നിന്ന് പൂർണമായി മോചിതനാകാത്ത ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആൻറിച്ച് നോർക്കിയയും തുടക്കത്തിൽ പുറത്തിരിക്കും.

പഞ്ചാബ് കിംഗ്‌സിനും ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡ ആദ്യ മത്സരത്തിന് ഉണ്ടാകില്ല. വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പര കളിക്കുന്ന ഇംഗ്ലീഷ് ബാറ്റര്‍ ജോണി ബെയർസ്റ്റോയും ആദ്യ രണ്ട് മത്സരങ്ങൾ കളിക്കില്ല. പരുക്കേറ്റ മാർക്ക് വുഡിന് പകരം ആൻഡ്രൂ ടൈയെ ടീമിലെത്തിച്ചെങ്കിലും ആദ്യ ആഴ്‌ച ലഖ്‌നൗ ടീമിനും തലവേദനയാണ്. മാർക്കസ് സ്റ്റോയിനിസ്, ജേസൺ ഹോൾഡർ, കൈൽ മയേഴ്‌സ് എന്നീ വിദേശ താരങ്ങളേയും ആദ്യ മത്സരത്തിൽ ഇറക്കാനാകില്ല.