Football

സൂപ്പർ കപ്പ്: ആദ്യ മത്സരത്തിനിറങ്ങാൻ ഗോകുലം കേരളം എഫ്‌സി; എതിരാളികൾ എടികെ മോഹൻ ബഗാൻ

ഹീറോ സൂപ്പർ കപ്പിൽ ഇന്ന് ഗോകുലം കേരള എഫ്‌സിക്ക് ആദ്യ മത്സരം. ഇന്ത്യൻ സൂപ്പർ ലീഗ് ജേതാക്കളായ എടികെ മോഹൻ ബഗാനാണ് എതിരാളികൾ. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. എഫ്‌സി ഗോവ, ജാംഷെഡ്പൂർ എഫ്‌സി, എടികെ മോഹൻ ബഗാൻ എന്നീ ടീമുകളാണ് ഗോകുലം കേരള അടങ്ങുന്ന ഗ്രൂപ്പ് സിയിൽ ഉള്ളത്. Gokulam Kerala FC vs ATK Mohun Bagan Super Cup

രണ്ടു തവണ ഐ ലീഗ് കിരീടം നേടിയ ഗോകുലം കേരള ഈ സീസണിൽ മൂന്നാം സ്ഥാനത്താണ് ടൂർണമെന്റ് പൂർത്തിയാക്കിയത്. ഈ സീസണിൽ ടീമിന് കിരീടം നേടുന്നതിനുള്ള അവസാനത്തെ പ്രതീക്ഷയാണ് സൂപ്പർ കപ്പ് ടൂർണമെന്റ്. കഴിഞ്ഞ വർഷം ഡിസംബറിൽ മുഖ്യ പരിശീലകനായി സ്ഥാനമേറ്റെടുത്ത ഫ്രാൻസെസ്‌ക് ബോണറ്റിന്റെ കീഴിലാണ് ക്ലബ് സൂപ്പർ കപ്പ് പോരാട്ടങ്ങൾക്കായി ഒരുങ്ങുന്നത്. സൂപ്പർ കപ്പിന്റെ യോഗ്യത ഘട്ടത്തിൽ മൊഹമ്മദൻസിനെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഗോകുലം ഗ്രൂപ്പ് ഘട്ടത്തിലേക്ക് ടിക്കറ്റ് എടുത്തത്. സൂപ്പർ കപ്പിൽ വിജയിക്കുന്നവർക്ക് കഴിഞ്ഞ വർഷത്തെ ഐ ലീഗ് ജേതാക്കളായ ഗോകുലത്തിനോട് ഏറ്റുമുട്ടി 2023-24 എഎഫ്‌സി കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടാൻ സാധിക്കും. അതിനാൽ, ഏഷ്യൻ ഫുട്ബോൾ കളിക്കുന്നതിനുള്ള അവസരം നിലനിർത്തുക എന്ന ലക്ഷ്യം ഗോകുലം കേരളക്ക് മുന്നിലുണ്ട്.

ശക്തരാണ് എടികെ മോഹൻ ബഗാൻ. ജുവാൻ ഫെർണാണ്ടോ നയിക്കുന്ന എടികെ മോഹൻ ബഗാൻ ഈ സീസൺ ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്‌സിയെ പെനാൽറ്റി ഷൂറ്ഔട്ടിൽ പരാജയപ്പെടുത്തിയാണ് കിരീടം നേടിയത്. ദിമിത്രി പെട്രോറ്റോസും ഹ്യൂഗോ ബൗമാസും നയിക്കുന്ന ടീമിന്റെ ആക്രമണ നിര മൂർച്ചയേറിയതാണ്. ഐഎസ്എൽ കിരീടവും സൂപ്പർ കപ്പും ഒരേ സീസണിൽ നേടുന്ന ആദ്യ ക്ലബായ തീരുക എന്നതാണ് അവരുടെ ലക്ഷ്യം.