ഡ്യുറൻഡ് കപ്പിൽ യുവനിരയുമായി കേരള ബ്ലാസ്റ്റേഴ്സ്. ഫസ്റ്റ് ടീം യുഎഇയിൽ പ്രീസീസൺ കളിക്കുന്നതിൻ്റെ സാഹചര്യത്തിൽ യുവനിരയെയാണ് ബ്ലാസ്റ്റേഴ്സ് അയച്ചിരിക്കുന്നത്. 21 പേരടങ്ങുന്ന സംഘത്തിൽ 18ഓളം പേർ മലയാളി താരങ്ങളാണ്. സുഭ ഘോഷ്, ഗൗരവ് കാൻകോൻകാർ, അരിത്ര ദാസ് എന്നിവരാണ് സംഘത്തിലുള്ള മലയാളികളല്ലാത്ത താരങ്ങൾ.
ഡ്യുറൻഡ് കപ്പിൻ്റെ 131ആം പതിപ്പിന് ഇന്ന് തുടക്കമാവുകയാണ്. ഇന്ത്യൻ സമയം രാത്രി ഏഴിന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ എഫ്സി ഗോവ റണ്ണേഴ്സ് അപ്പ് മൊഹമ്മദനെ നേരിടും. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും.
അഞ്ച് ടീമുകൾ വീതമുള്ള നാല് ഗ്രൂപ്പുകളാണ് ഡ്യുറൻഡ് കപ്പിൽ പരസ്പരം ഏറ്റുമുട്ടുക. വെള്ളിയാഴ്ച സുദേവ ഡൽഹിക്കെതിരെയാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം.
ഡ്യുറൻഡ് കപ്പിൻ്റെ ഏറ്റവും പുതിയ പതിപ്പ് വളരെ വിപുലമായി നടത്താനാണ് തീരുമാനം. മൂന്ന് വേദികളിലായാണ് ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിക്കുക. ആകെ 20 ടീമുകൾ ടൂർണമെൻ്റിൽ കളിക്കും. 11 ഐഎസ്എൽ ടീമുകളും ഡ്യുറൻഡ് കപ്പിലുണ്ടാവും. ഒപ്പം അഞ്ച് ഐ-ലീഗ് ടീമുകളും ഇന്ത്യൻ സൈന്യത്തിന്റെ നാല് ടീമുകളും ടൂർണമെൻ്റിൽ മാറ്റുരയ്ക്കും.
പശ്ചിമ ബംഗാളിലെ കൊൽക്കത്ത, അസമിലെ ഗുവാഹത്തി, മണിപ്പൂരിലെ ഇംഫാൽ എന്നീ നഗരങ്ങളാണ് ഡ്യുറൻഡ് കപ്പിന് വേദിയാകുക. 1888ൽ ആരംഭിച്ച ഡ്യുറൻഡ് കപ്പിൽ കഴിഞ്ഞ വർഷമാണ് ഐഎസ്എൽ ടീമുകൾ കളിച്ചുതുടങ്ങിയത്. കേരള ബ്ലാസ്റ്റേഴ്സ്, എഫ്സി ഗോവ, ബെംഗളൂരു എഫ്സി തുടങ്ങിയ ടീമുകൾ കഴിഞ്ഞ സീസണിൽ കളിച്ചു.
ഡ്യുറൻഡ് കപ്പിൽ ഒന്നാം നിര സംഘവുമായെത്തുന്നത് ആറ് ഐഎസ്എൽ ടീമുകൾ മാത്രമാണ്. ബാക്കി അഞ്ച് ടീമുകളും റിസർവ് ടീമിനെയോ രണ്ടാം നിരയെയോ ആണ് ടൂർണമെൻ്റിനയക്കുക. ഈ മാസം 16 മുതലാണ് ഡ്യുറൻഡ് കപ്പിൻ്റെ 131ആം പതിപ്പ് ആരംഭിക്കുക.
എടികെ മോഹൻ ബഗാൻ, ചെന്നൈയിൻ എഫ്സി, ഒഡീഷ എഫ്സി, ഹൈദരബാദ് എഫ്സി, ബെംഗളൂരു എഫ്സി, മുംബൈ സിറ്റി എന്നീ ടീമുകൾ മാത്രമാണ് പ്രധാന സ്ക്വാഡിനെ ഡ്യുറൻഡ് കപ്പിന് അയക്കുക. കേരള ബ്ലാസ്റ്റേഴ്സ്, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഈസ്റ്റ് ബംഗാൾ, എഫ്സി ഗോവ, ജംഷഡ്പൂർ എഫ്സി എന്നീ ടീമുകൾ രണ്ടാം നിരയെയാവും അണിനിരത്തുക.