Football

സൂപ്പർ കപ്പ്; ജംഷെഡ്പൂർ എഫ്‌സിയെ പരാജയപ്പെടുത്തി ബെംഗളൂരു എഫ്‌സി ഫൈനലിൽ

ഹീറോ സൂപ്പർ കപ്പിൽ സെമി ഫൈനലിൽ ജംഷെഡ്പൂർ എഫ്‌സിയെ പരാജയപ്പെടുത്തി ഫൈനലിലേക്ക് യോഗ്യത നേടി ബെംഗളൂരു എഫ്‌സി. ഇന്ന് കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബെംഗളുരുവിന്റെ വിജയം. ബെംഗളുരുവിനായി ജയേഷ് റാണെ, സുനിൽ ഛേത്രി എന്നിവർ ഗോൾ നേടി. ഈ സീസണിൽ ബെംഗളൂരു എഫ്‌സിയുടെ മൂന്നാം ഫൈനൽ പ്രവേശമാണ് ഇത്. നേരത്തെ, ഡ്യൂറൻഡ് കപ്പിന്റെ ഫൈനലിൽ മുംബൈ സിറ്റി എഫ്‌സിയെ തോൽപ്പിച്ച ടീം കിരീടം ഉയർത്തിയിരുന്നു. കൂടാതെ, ഇന്ത്യൻ സൂപ്പർ ലീഗിൽ ഫൈനലിലേക്കും ടീം യോഗ്യത നേടിയിരുന്നു. എന്നാൽ, എടികെ മോഹൻ ബഗാനോട് ഷൂട്ട് ഔട്ടിൽ പരാജയപ്പെട്ടിരുന്നു. ഇരട്ട കിരീടം നേടി സീസൺ അവസാനിപ്പിക്കുക എന്ന ലക്ഷ്യമാണ് ക്ലബിന് മുന്നിലുള്ളത്.

രണ്ടാം പകുതിയിലാണ് ബെംഗളുരുവിന്റെ ഇരു ഗോളുകളും പിറന്നത്. ആദ്യ പകുതിയിലെ കളിക്കളത്തിൽ ചലനമുണ്ടാക്കിയ ജംഷെഡ്പൂരിനെ നിശബ്ദമാക്കുന്ന പ്രകടനമാണ് രണ്ടാം പകുതിയിൽ ബെംഗളൂരു കാഴ്ച വെച്ചത്. 62 ആം മിനുട്ടിൽ ബെംഗളൂരു താരം ശിവശക്തിയുടെ ക്രോസ്സ് ജംഷഡ്പൂരിന്റെ ജിതേന്ദ്ര സിംഗിന്റെ തലയിൽ തട്ടി ബാംഗ്ലൂരുവിന്റെ ജയേഷ് റാനെക്ക് ലഭിച്ചു. അത് വലയിലെത്തിച്ചതോടെ ബെംഗളൂരു മത്സരത്തിൽ ലീഡ് എടുത്തു. 83 ആം മിനുട്ടിൽ സുനിൽ ഛേത്രിയാണ് ടീമിന്റെ ലീഡ് ഉയർത്തിയത്. ജംഷഡ്പൂർ മുന്നേറ്റങ്ങളെ നിഷ്പ്രഭമാക്കിയ ബെംഗളുരുവിന്റെ ഗോൾകീപ്പർ ഹീറോ സൂപ്പർ കപ്പിലെ ആദ്യ സെമി മത്സരത്തിലെ ഹീറോ ഓഫ് ദി മാച്ച്.

നാളെ നടക്കുന്ന രണ്ടാമത്തെ സെമി ഫൈനലിൽ ഒഡിഷ എഫ്‌സി നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. ഇന്ത്യൻ പരിശീലകർ നയിക്കുന്ന ഇരു ടീമുകളും സൂപ്പർ കപ്പിൽ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഏപ്രിൽ 25ന് വൈകീട്ട് ഏഴ് മണിക്ക് കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ വെച്ചാണ് സൂപ്പർ കപ്പിന്റെ ഫൈനൽ അരങ്ങേറുക.