കളത്തിൽ പരസ്പരം കൊമ്പുകോർത്ത് ചെൽസി, ടോട്ടനം പരിശീലകർ. ചെൽസിയുടെ പരിശീലകൻ തോമസ് ടുചെലും ടോട്ടനം ഹോട്സ്പർ പരിശീലകൻ അൻ്റോണിയോ കോണ്ടെയുമാണ് മത്സരത്തിനു ശേഷം ഏറ്റുമുട്ടിയത്. ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി കളി സമനില ആയിരുന്നു.
കളിയിൽ ആദ്യം ലീഡെടുത്തത് കോലിബാലി ആയിരുന്നു. 19ആം മിനിട്ടിൽ നേടിയ ഗോളിൽ ചെൽസി ആദ്യ പകുതി സ്വന്തമാക്കി. രണ്ടാം പകുതിയിൽ ടോട്ടനം കളിയിലേക്ക് തിരികെവന്നു. 68ആം മിനിട്ടിൽ ഹോബ്ജെർഗിലൂടെ ടോട്ടനം സമനില നേടി. ചെൽസി ബെഞ്ചിനു നേരെ ഓടിയാണ് കോണ്ടെ ഈ ഗോൾ നേട്ടം ആഘോഷിച്ചത്. ഇത് ചെറിയ വാക്കുതർക്കത്തിലേക്ക് നയിച്ചു. ഇരുവർക്കും മഞ്ഞ കാർഡ് ലഭിച്ചു. 77ആം മിനിട്ടിൽ ചെൽസി ലീഡ് തിരികെപിടിച്ചു. റീസ് ജെയിംസിൻ്റെ ഗോൾ ടുചെൽ ആഘോഷിച്ചത് ടച്ച്‌ലൈനിലൂടെ ഓടിയാണ്. ഇത് കോണ്ടെയെ പ്രകോപിപ്പിച്ചു. ജയമുറപ്പിച്ച ചെൽസിയെ ഞെട്ടിച്ചുകൊണ്ടാണ് ടോട്ടനം രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ സമനില ഗോൾ നേടിയത്. ഈ ഗോളോടെ കളി അവസാനിക്കുമയും ചെയ്തു. പരസ്പരം ആക്രമണോത്സുകമായി ഹസ്തദാനം നൽകിയ പരിശീലകർ മുഖാമുഖം നിന്ന് കൊമ്പുകോർത്തു. ഇരുവരെയും താരങ്ങളും മറ്റ് സ്റ്റാഫുകളുമാണ് പിടിച്ചുമാറ്റിയത്. ഇരു പരിശീലകർക്കും റഫറി ചുവപ്പുകാർഡ് നൽകുകയും ചെയ്തു.