2022 ലോകകപ്പ് ഫുട്ബോളിനുള്ള ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ഖത്തറിന് മറ്റൊരു നേട്ടം കൂടി. അല്‍ വക്ര സ്റ്റേഡിയത്തില്‍ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് പുല്‍ മൈതാനം വെച്ചു പിടിപ്പിച്ച് ഖത്തര്‍ ലോക റെക്കോര്‍ഡ് സ്വന്തമാക്കി. 2022 ലോകകപ്പ് ഫുട്ബോളിനായി ഖത്തര്‍ നിര്‍മ്മിക്കുന്ന എട്ട് സ്റ്റേഡിയങ്ങളിലൊന്നാണ് അല്‍ വക്ര സ്റ്റേഡിയം. തൊണ്ണൂറ് ശതമാനം ജോലിയും പൂര്‍ത്തിയായ വക്ര സ്റ്റേഡിയത്തില്‍ ലോക റെക്കോര്‍ഡ് വേഗത്തില്‍ ടര്‍ഫ് ഒരുക്കിയാണ് ഖത്തര്‍ കായിക ലോകത്തെ ഞെട്ടിച്ചത്. വെറും ഒമ്പത് മണിക്കൂറും 15 മിനുട്ടുമെടുത്താണ് സ്റ്റേഡിയത്തില്‍ പുല്‍ മൈതാനം വെച്ചുപിടിപ്പിച്ചത്. ലോകകപ്പിന്‍റെ പ്രാദേശിക സംഘാടകരായ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍റ് ലെഗസിയാണ് ഇക്കാര്യമറിയിച്ചത്.
ടര്‍ഫ് ഒരുക്കിയ കാര്യത്തില്‍ നേരത്തെ ഖത്തര്‍ തന്നെ സ്ഥാപിച്ച റെക്കോര്‍ഡാണ് തിരുത്തിയെഴുതിയത്. ലോകകപ്പിനായി ആദ്യം പണി കഴിപ്പിച്ച ഖലീഫ സ്റ്റേഡിയത്തിലെ ടര്‍ഫ് പതിമൂന്നര മണിക്കൂര്‍ കൊണ്ട് പണികഴിപ്പിച്ചാണ് കഴിഞ്ഞ വര്‍ഷം ഖത്തര്‍ റെക്കോര്‍ഡിട്ടത്. മെയ് മാസത്തോടെ സ്റ്റേഡിയം പൂര്‍ണമായും മത്സരസജ്ജമാക്കാനാണ് സുപ്രീം കമ്മിറ്റിയുടെ നീക്കം. 2014 മെയ് മാസത്തിലാണ് വക്ര സ്റ്റേഡിയത്തിന്‍റെ ജോലി തുടങ്ങിയത്. നാല്‍പ്പതിനായിരം കാണികളെ ഉള്‍ക്കൊള്ളാനുള്ള ശേഷി സ്റ്റേഡിയത്തിനുണ്ട്.