Football

ഇന്ത്യയെ ഫിഫ വിലക്കിയേക്കും?; ഈ ആഴ്ച അറിയാമെന്ന് പ്രഫുൽ പട്ടേൽ

ഇന്ത്യയെ ഫിഫ വിലക്കിയേക്കുമെന്ന് സൂചന. ഓൾ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ്റെ മുൻ പ്രസിഡൻ്റ് പ്രഫുൽ പട്ടേലാണ് ഇക്കാര്യം അറിയിച്ചത്. എഐഎഫ്എഫ് തലപ്പത്തുനിന്ന് പ്രഫുൽ പട്ടേലിനെ നീക്കിയ സുപ്രിം കോടതി ഫെഡറേഷനെ നയിക്കാൻ ഒരു ഭരണസമിതിയെ നിയമിച്ചിരുന്നു. ഇത് ഫിഫ നിയമങ്ങൾക്ക് എതിരാണ്.

നേരത്തെ സ്പെയിൻ, നൈജീരിയ, പാകിസ്താൻ എന്നീ രാജ്യങ്ങളിൽ സമാന പ്രശ്നങ്ങളുണ്ടായപ്പോൾ ഫിഫ ഈ രാജ്യങ്ങളെ വിലക്കിയിരുന്നു എന്ന് പ്രഫുൽ പട്ടേൽ പറഞ്ഞു. ഈ ആഴ്ചയോടെ ഫിഫ ഇന്ത്യയെ വിലക്കുമോ ഇല്ലയോ എന്ന് അറിയാം. ഇന്ത്യക്ക് ഫിഫ ഇളവ് നൽകുമോ എന്ന് അറിയില്ല. എഐഎഫ്എഫിലെ പുതിയ തിരഞ്ഞെടുപ്പ് നടത്താൻ ഫിഫയോട് രണ്ട് മാസം ആവശ്യപ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

2008ലാണ് പ്രഫുൽ പട്ടേൽ എഐഎഫ്എഫ് തലപ്പത്ത് എത്തുന്നത്. 2020 ഡിസംബറിൽ കാലാവധി കഴിഞ്ഞെങ്കിലും പ്രഫുൽ പട്ടേൽ തെരഞ്ഞെടുപ്പ് നടത്താതെ തലവനായി തുടരുകയായിരുന്നു. ദേശീയ കായിക ചട്ട പ്രകാരം 12 വർഷമാണ് പരമാവധി കാലാവധി. എന്നിട്ടും സ്ഥാനത്ത് തുടർന്നതിനെതിരെ ഡൽഹി ഫുട്ബോൾ ക്ലബ് അപ്പീൽ നൽകി. തുടർന്നാണ് സുപ്രിം കോടതി ഇടപെട്ടത്.

മുൻ സുപ്രിംകോടതി ജഡ്ജി അനിൽ ആർ ദാവെ, മുൻ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ എസ്‌വൈ ഖുറേഷി, ഇന്ത്യൻ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ ഭാസ്കർ ഗാംഗുലി എന്നിവരാണ് സുപ്രിം കോടതി നിയമിച്ച സമിതിയിലെ അംഗങ്ങൾ.