ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൌണ്ടില്‍ ഇന്ന് ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടും. താജിക്കിസ്താനിലെ ദുഷന്‍ബെയിലെ റിപ്പബ്ലിക്കന്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാത്രി 7.30 നാണ് മത്സരം. താരങ്ങളുടെ പരിക്കും താജിക്കിസ്താനിലെ മൈതാനത്തിന്റെ പ്രത്യേകതയും മുന്‍ മത്സരങ്ങളിലെ ഫലവുമെല്ലാം ഇന്ത്യന്‍ ടീമിന് മേല്‍ വലിയ സമ്മര്‍ദമാണ് ചെലുത്തുന്നത്.
ഗ്രൂപ്പ് ഇ യില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. അഫ്ഗാനിസ്ഥാന്‍ മൂന്നാം സ്ഥാനത്താണ്. ഖത്തറും ഒമാനുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ഇതിനോടകം മൂന്നു മത്സരങ്ങള്‍ കളിച്ച ഇന്ത്യക്ക് ജയം മാത്രം അന്യമാണ്. ഒരു തോല്‍വിയും രണ്ടു സമനിലകളുമാണ് ഇന്ത്യയുടെ സമ്പാദ്യം. എന്നാല്‍ അഫ്ഗാനിസ്ഥാന്‍ ഒരു മത്സരം വിജയിക്കുകയും രണ്ട് കളികളില്‍ പരാജയപ്പെടുകയും ചെയ്തു. അഫ്ഗാന് മൂന്നു പോയിന്റും ഇന്ത്യക്ക് രണ്ടു പോയിന്റുമാണുള്ളത്. എന്നാല്‍ അഫ്ഗാനെതിരെ കളത്തിലിറങ്ങിയപ്പോഴൊക്കെ ഫലം ഇന്ത്യക്ക് അനുകൂലമായിരുന്നു എന്നതാണ് ഏക പ്രതീക്ഷ. ആറു വിജയവും ഒരു തോല്‍വിയും ഒരു സമനിലയുമായിരുന്നു ഫലം. ഇതേസമയം, യോഗ്യതാ റൌണ്ടില്‍ ഇതുവരെ ഇന്ത്യക്ക് ഒരു വിജയം പോലും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നതാണ് വലിയ തലവേദന. ആദ്യ മത്സരത്തില്‍ കരുത്തരായ ഒമാനോട് തോല്‍വി വഴങ്ങിയപ്പോള്‍ പിന്നീട് ഖത്തറിനോടും ബംഗ്ലാദേശിനോടും സമനില വഴങ്ങുകയും ചെയ്തു.
ഇന്ന് മത്സരം നടക്കുന്ന താജിക്കിസ്താനിലെ കാലാവസ്ഥയും മൈതാനവും ഇന്ത്യക്ക് വന്‍ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഇതിനൊപ്പം ശോഷിച്ച പ്രതിരോധവും ഗോള്‍ കണ്ടെത്താന്‍ കഴിയാത്ത മുന്‍നിരയും ടീമിന് തലവേദനയാണ്. കാലിന് പരിക്കേറ്റ സന്തോഷ് ജിങ്കന്‍ കളത്തിന് പുറത്തിരിക്കുന്നതും ഉമ്മയുടെ മരണത്തെ തുടര്‍ന്ന് അനസ് എടത്തൊടിക നാട്ടിലേക്ക് മടങ്ങിയതും ഇന്ത്യക്ക് തിരിച്ചടിയായി. മധ്യനിര താരം ആദില്‍ ഖാന്റെ പരിക്കും ഇന്ത്യയെ വേട്ടയാടുന്നുണ്ട്. കൃത്രിമമായുണ്ടാക്കിയ ടര്‍ഫിലാണ് ഇന്ന് മത്സരം നടക്കുക. ഇത്തരം ടര്‍ഫുകളില്‍ കളിച്ച് ഇന്ത്യന്‍ ടീമിന് അത്ര വലിയ പരിചയവുമില്ല. യോഗ്യതാ മത്സരത്തിന് മുന്നോടിയായി ഡല്‍ഹിയിലെ ടര്‍ഫില്‍ ടീം ഇന്ത്യ പരിശീലനം നടത്തിയിരുന്നു. ടര്‍ഫില്‍ വേഗം പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ടെന്നതാണ് മറ്റൊരു പ്രശ്നം. കൂടാതെ താജിക്കിസ്താനിലെ കടുത്ത തണുപ്പും ടീമിന് വെല്ലുവിളിയാണ്. ഇതിനെയെല്ലാം മറികടന്ന് വേണം ഇന്ന് ഇന്ത്യക്ക് ജയിക്കാന്‍.