Football Sports

ചാമ്പ്യന്‍സ് ലീഗില്‍ വമ്പന്മാര്‍ക്കെല്ലാം ജയം

ചാമ്പ്യന്‍സ് ലീഗില്‍ വമ്പന്മാര്‍ക്ക് ജയം. ബാഴ്സയും യുവന്റസും ചെല്‍സിയും ഏകപക്ഷീയമായി എതിര്‍ ടീമുകളെ തകര്‍ത്തപ്പോള്‍ കരുത്തരുടെ മത്സരത്തില്‍ പി.എസ്.ജി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തോല്‍പിച്ചു. ബൊറൂസിയ ഡോർട്ട്മുണ്ടും ലാസിയോയും തമ്മിൽ നടന്ന പോരാട്ടം ​ സമനിലയിൽ കലാശിച്ചു

ലീഗിലെ ഒരുവിധം വമ്പന്മാരെല്ലാം ബൂട്ട് കെട്ടിയ മത്സരങ്ങളായിരുന്നു ഇന്ന് നടന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്കാണ് പി.എസ്.ജി തകർത്തത്. യുണൈറ്റഡിന്റെ തട്ടകമായ ഓൾഡ് ട്രഫോർഡിൽ നെയ്മറിന്റെ ഇരട്ട​ഗോൾ മികവിലാണ് പി.എസ്.ജിയുടെ ജയം. ബ്രസീലിയന്‍ മിഡ് ഫീല്‍ഡര്‍ ഫ്രെഡ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് യുണൈറ്റഡിന് വിനയായി.

ചാമ്പ്യന്‍സ് ലീഗില്‍ വമ്പന്മാര്‍ക്കെല്ലാം ജയം

ലീഗിലെ അഞ്ചാം ജയം തേടിയിറങ്ങിയ ബാഴ്സ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഫെറന്‍ക്വാറോസിനെ തകര്‍ത്തത്. ബാഴ്സക്കായി ഗ്രീസ്മാനും ബ്രെയ്ത്വെയ്റ്റും ഡെമ്പലെയും ഗോളുകള്‍ നേടി.

ചാമ്പ്യന്‍സ് ലീഗില്‍ വമ്പന്മാര്‍ക്കെല്ലാം ജയം

മറ്റൊരു മത്സരത്തില്‍ സെവിയ്യയെ മറുപടിയില്ലാത്ത നാലുഗോളുകള്‍ക്കാണ് ചെല്‍സി തോല്‍പിച്ചത്. ഒരു പെനാല്‍റ്റിയുള്‍പ്പടെ ചെല്‍സിയുടെ നാല് ഗോളുകളും നേടിയത് ഒലിവര്‍ ജെറൂഡാണ്.

ചാമ്പ്യന്‍സ് ലീഗില്‍ വമ്പന്മാര്‍ക്കെല്ലാം ജയം

യുക്രൈന്‍ ക്ലബ് ഡൈനാമോ കീവിനെ കാഴ്ചക്കാരായി നിര്‍ത്തി യുവന്റസ് മൂന്ന് തവണയാണ് വലകുലുക്കിയത്. സൂപ്പര്‍ താരം റൊണാള്‍ഡോയും ആല്‍വാരോ മൊറാട്ടയും യുവന്റസിനായി ഗോള്‍ നേടി. റൊണാള്‍ഡോ 750 ഗോളുകള്‍ തികച്ച മത്സരം എന്ന പ്രത്യേകത കൂടിയാണിത്.

ഡോർട്ട്മുണ്ടും ലാസിയോയും ഓരോ ​ഗോൾ വീതമടിച്ചാണ് സമനില പാലിച്ചത്. ഡോർട്ട്മുണ്ടിനായി റാഫേൽ ​ഗ്വിറേറോയും ലാസിയോയ്ക്കായി സിറോ ഇമ്മൊബീലുമാണ് വലകുലുക്കിയത്.