Football Sports

യൂറോ കപ്പ്: പ്രീ ക്വാർട്ടർ ലൈനപ്പായി

യൂറോ കപ്പിലെ പ്രീ ക്വാർട്ടർ ലൈനപ്പായി. ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായ വെയിൽസും ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ ഡെന്മാർക്കും തമ്മിലാണ് ആദ്യ പ്രീ ക്വാർട്ടർ മത്സരം. ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 9.30 നാണ് മത്സരം. ഗ്രൂപ്പ് എയിൽ ആധികാരികമായി മൂന്ന് മത്സരങ്ങളും വിജയിച്ച് ഒന്നാമതെത്തിയ ഇറ്റലി രണ്ടാം മത്സരത്തിൽ ഇറങ്ങും. ഞായറാഴ്ച പുലർച്ചെ 12.30നു നടക്കുന്ന മത്സരത്തിൽ ഗ്രൂപ്പ് സിയിലെ രണ്ടാം സ്ഥാനക്കാരായ ഓസ്ട്രിയയാണ് ഇറ്റലിയുടെ എതിരാളികൾ. ഞായറാഴ്ച രാത്രി 9.30ന് ഗ്രൂപ്പ് സിയിലെ ഒന്നാം സ്ഥാനക്കാരായ നെതർലൻഡ് ഗ്രൂപ്പ് ഡിയിലെ മൂന്നാം സ്ഥാനക്കാരായ ചെക്ക് റിപ്പബ്ലിക്കിനെ നേരിടും. ഗ്രൂപ്പ് സിയിലെ മൂന്ന് മത്സരങ്ങളും ജയിച്ചാണ് നെതർലൻഡ്സ് അവസാന പതിനാറിൽ എത്തിയത്.

തിങ്കളാഴ്ച പുലർച്ചെ 12.30ന് സൂപ്പർ പോരാട്ടമാണ്. ലോക ഒന്നാം നമ്പർ ടീമായ ബെൽജിയം നിലവിലെ യൂറോ കപ്പ് ചാമ്പ്യന്മാരായ പോർച്ചുഗലിനെയാണ് നേരിടുക. ഗ്രൂപ്പ് ബിയിൽ എല്ലാ മത്സരങ്ങളും വിജയിച്ച് ഒന്നാം സ്ഥാനക്കാരായി എത്തുന്ന ബെൽജിയവും ഗ്രൂപ്പ് എഫിലെ മൂന്നാം സ്ഥാനക്കാരായ ബെൽജിയവും തമ്മിലുള്ള മത്സരം തീപാറും എന്നുറപ്പ്. രണ്ടിൽ ഏതെങ്കിലും ഒരു ടീം പ്രീക്വാർട്ടറിൽ പുറത്താവും എന്നത് ഈ മത്സരത്തിൻ്റെ പ്രാധാന്യം വർധിപ്പിക്കുന്നു. തിങ്കളാഴ്ച രാത്രി 9.30ന് നടക്കുന്ന മത്സരവും ആവേശകരമാവും. യഥാക്രമം ഗ്രൂപ്പ് ഡിയിലെയും ഗ്രൂപ്പ് ഇയിലെയും രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യയും സ്പെയിനുമാണ് ഈ മത്സരത്തിൽ ഏറ്റുമുട്ടുക. ആദ്യ മത്സരങ്ങളിൽ ഗോൾ നേടാൻ വിഷമിച്ച ഇരു ടീമുകളും അവസാന മത്സരത്തിൽ അതൊക്കെ മറികടന്നാണ് എത്തുന്നത്.

ചൊവ്വാഴ്ച പുലർച്ചെ 12.30നാണ് ഫ്രാൻസ് പ്രീ ക്വാർട്ടർ പോരിനിറങ്ങുന്നത്. ഗ്രൂപ്പ് എഫിലെ ഒന്നാം സ്ഥാനക്കാരായ ഫ്രാൻസ് ഗ്രൂപ്പ് എയിൽ നിന്ന് മികച്ച മൂന്നാം സ്ഥാനക്കാരായി എത്തുന്ന സ്വിസർലൻഡുമായി പോരടിക്കും. ഗ്രൂപ്പ് മത്സരത്തിൽ ഹംഗറിയോടും പോർച്ചുഗലിനോടും സമനില വഴങ്ങേണ്ടിവന്ന ഫ്രാൻസിന് ജർമ്മനിക്കെതിരെ മാത്രമാണ് വിജയിക്കാനായത്. എങ്കിലും സ്വിറ്റ്സർലൻഡിനെതിരെ ഫ്രാൻസ് ജയിച്ചുകയറിയേക്കും. ചൊവ്വാഴ്ച രാത്രി 9.30നു നടക്കുന്ന പ്രീക്വാർട്ടർ മത്സരവും കരുത്തരുടെ ഏറ്റുമുട്ടലാണ്. ഫുട്‌ബോൾ ലോകത്തെ തന്നെ ഏറ്റവും വലിയ ശത്രുക്കളായ ജർമ്മനിയും ഇംഗ്ലണ്ടുമാണ് മത്സരത്തിൽ ഏറ്റുമുട്ടുക. ഗ്രൂപ്പ് ഡിയിലെ ജേതാക്കളായി ഇംഗ്ലണ്ട് എത്തുമ്പോൾ ഗ്രൂപ്പ് എഫിൽ നിന്ന് രണ്ടാം സ്ഥാനക്കാർ ആയാണ് ജർമ്മനി പ്രീ ക്വാർട്ടർ യോഗ്യത നേടിയത്. ഇരു ടീമുകളും ഗ്രൂപ്പ് ഘട്ടത്തിൽ അത്ര മികച്ച പ്രകടനമല്ല നടത്തിയത്.

ബുധനാഴ്ച പുലർച്ചെ 12.30നാണ് അവസാന പ്രീ ക്വാർട്ടർ. മത്സരത്തിൽ ഗ്രൂപ്പ് ഇയിലെ ഒന്നാം സ്ഥാനക്കാരായ സ്വീഡൻ മികച്ച മൂന്നാം സ്ഥാനക്കാർ ആയി ഗ്രൂപ്പ് സിയിൽ നിന്ന് യോഗ്യത നേടിയ യുക്രൈനെതിരെ കളത്തിലിറങ്ങും. ഗ്രൂപ്പ് ഘട്ടത്തിലെ മികച്ച പ്രകടനം സ്വീഡനു മുൻതൂക്കം നൽകുന്നുണ്ട്.