Football International Sports

കൊവിഡ് കേസുകൾ 10 ശതമാനം വർദ്ധിച്ചു; യൂറോ കപ്പിന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

യൂറോ കപ്പിൽ കാണികള്‍ക്ക് പ്രവേശനം നല്‍കുന്നതില്‍ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൂടുതല്‍ പേരെ സ്‌റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നത് കൊവിഡ് വ്യാപനത്തിന് ഇടയാക്കുമെന്ന് സംഘടന പറഞ്ഞു. യൂറോപില്‍ കൊവിഡ് വ്യാപനം ഉയരുന്നത് ചൂണ്ടിയാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.

യൂറോ കപ്പ് മത്സരങ്ങള്‍ കാണാന്‍ എത്തിയ നിരവധി പേര്‍ കൊവിഡ് ബാധിതരായതായി ലോകാരോഗ്യ സംഘടന കണ്ടെത്തി. നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടില്ലെങ്കില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ വീണ്ടും കൊവിഡ് തരംഗമുണ്ടാവും. കഴിഞ്ഞ ആഴ്ചയില്‍ കേസുകളില്‍ 10 ശതമാനം വര്‍ധനയാണ് റിപ്പോര്‍ട്ട് ചെയ്തത്. കോപ്പന്‍ഹേഗനില്‍ കളി കണ്ട് മടങ്ങിയവരില്‍ ഡെല്‍റ്റ വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

യൂറോ കപ്പ് സെമി ഫൈനലും ഫൈനലും ബ്രിട്ടനിലാണ് നടക്കുക. ഇവിടെ കൊവിഡ് വ്യാപനം വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യൂറോ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലെ ഉക്രെയ്‌നിന് എതിരായ ഇംഗ്ലണ്ട് മത്സരത്തിനായി യുകെയില്‍ താമസമാക്കിയവര്‍ക്ക് വിറ്റ ടിക്കറ്റുകളെല്ലാം യുവേഫ കാന്‍സല്‍ ചെയ്തു.