Football Sports

ഹാലൻഡ് ബാഴ്സയിലേക്ക് തന്നെ?; കരാർ ധാരണയായെന്ന് റിപ്പോർട്ട്

ബൊറൂഷ്യ ഡോർട്ട്മുണ്ടിൻ്റെ നോർവീജിയൻ സ്ട്രൈക്കർ എർലിങ് ഹാലൻഡ് സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണയിലേക്ക് തന്നെയെന്ന് റിപ്പോർട്ട്. താരത്തിൻ്റെ ഏജൻ്റ് മിനോ റയോളയും ബാഴ്സ പ്രസിഡൻ്റ് യുവാൻ ലപോർട്ടയും തമ്മിൽ കരാർ ധാരണയായെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. (erling haaland barcelona transfer)

സീസണൊടുവിൽ ഹാലൻഡ് ബൊറൂഷ്യ വിടുമെന്നാണ് വിവരം. 100 മില്ല്യൺ യൂറോയാണ് ട്രാൻസ്ഫർ ഫീ. മൂന്ന് വർഷത്തേക്കാവും താരം ബാഴ്സയുമായി കരാറിൽ ഏർപ്പെടുക. ഹാലൻഡിനെ ടീമിലെത്തിക്കുന്നതിനായി ചില താരങ്ങളെ ബാഴ്സ റിലീസ് ചെയ്തേക്കും. ചിരവൈരികളായ റയൽ മാഡ്രിഡും ഹാലൻഡിനെ സൈൻ ചെയ്യാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, എംബാപ്പെ റയലിലെത്താൻ സാധ്യതയുള്ളതിനാൽ ഹാലൻഡ് ഈ ഓഫറിനോട് മുഖംതിരിച്ചു എന്ന് റിപ്പോർട്ടുണ്ട്.

സമകാലിക താരങ്ങളിൽ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളാണ് 21കാരനായ എർലിങ് ഹാലൻഡ്. 2019-20 സീസണിൽ സാൽസ്ബർഗിൽ നിന്ന് ബൊറൂഷ്യയിലെത്തിയ താരം ബൊറൂഷ്യക്കായി 53 ഗോളുകളാണ് നേടിയിട്ടുള്ളത്. നോർവേ ദേശീയ ടീമിനായി 12 ഗോളുകളും ഹാലൻഡ് നേടിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം സ്പാനിഷ് യുവ സ്ട്രൈക്കർ ഫെറാൻ ടോറസിനെയും ബാഴ്സലോണ ടീമിലെത്തിച്ചിരുന്നു. 65 മില്ല്യൺ യൂറോയ്ക്ക് നാല് വർഷത്തെ കരാറിലാണ് ഫെറാൻ ടോറസ് ബാഴ്സയിലെത്തിയത്. ക്ലബിൽ കളിക്കാൻ താരം ശമ്പളം കുറച്ചു എന്ന് ചില റിപ്പോർട്ടുകളുണ്ട്. സാവി പരിശീലകനായതിനു ശേഷം ക്ലബ് നടത്തുന്ന വലിയ ട്രാൻസ്‌ഫറാണ് ഇത്. വലൻസിയയിൽ കരിയർ ആരംഭിച്ച താരം 2020 സീസണിലാണ് സിറ്റിയിലെത്തുന്നത്. സിറ്റിക്കായി 28 മത്സരങ്ങളിൽ നിന്ന് 9 ഗോളുകളാണ് താരം നേടിയത്. സ്പെയിൻ്റെ വിവിധ ഏജ് ഗ്രൂപ്പ് ടീമുകളിൽ കളിച്ച ടോറസ് സീനിയർ ടീമിൽ 22 മത്സരങ്ങളിൽ നിന്ന് 12 ഗോളുകളാണ് നേടിയത്.

ബാഴ്സയുടെ പല ഫസ്റ്റ് ഇലവൻ താരങ്ങളും കൊവിഡ് ബാധിച്ച് പുറത്തായതിനാൽ മയ്യോർക്കക്കെതിരെ പത്തോളം യുവതാരങ്ങളാണ് കളത്തിലിറങ്ങിയത്. മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ബാഴ്സ വിജയിച്ചിരുന്നു. ടോറസും പെഡ്രിയും കൂടി കൊവിഡ് ബാധിച്ച് പുറത്താവുന്നതോടെ ബാഴ്സ ഇനിയും യുവതാരങ്ങളെ തന്നെ ടീമിൽ ഉൾപ്പെടുത്തേണ്ടിവരും.

ബാഴ്സയുടെ 9 താരങ്ങൾക്കാണ് ഇതുവരെ കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ക്ലെമെൻ്റ് ലെങ്‌ലെറ്റ്, ഡാനിയൽ ആൽവസ്, ജോർഡി ആൽബ, സെർജീഞ്ഞോ ഡെസ്റ്റ്, ഫിലിപ്പെ കുട്ടീഞ്ഞോ, അബ്ദെ എസൽസൗലി, ഉസ്മാൻ ഡെംബലെ, സാമുവൽ ഉംറ്റിറ്റി, ഗാവി എന്നിവർക്കാന് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഇവർക്കൊപ്പം സെർജിയോ ബുസ്കെറ്റ്സ്, മെംഫിസ് ഡിപായ്, അൻസു ഫാതി, മാർട്ടിൻ ബ്രാത്‌വെയ്റ്റ്, സെർജി റൊബേർട്ടോ എന്നിവർ പരുക്കേറ്റ് പുറത്താണ്.