ഇംഗ്ലീഷ് പട ഇക്കുറിയും പതിവ് തെറ്റിച്ചില്ല. നിര്‍ണായക മത്സരങ്ങളില്‍ തോല്‍ക്കുകയെന്ന പതിവ് ഇക്കുറിയും ഇംഗ്ലണ്ട് ആവര്‍ത്തിച്ചു. യുവേഫ നേഷന്‍സ് ലീഗ് സെമി ഫൈനലില്‍ നെതര്‍ലന്‍ഡ്സ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഇംഗ്ലണ്ടിനെ തകര്‍ത്തു വിട്ടു. ആദ്യ പകുതിയില്‍ മുന്നിട്ട് നിന്ന ശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ കീഴടങ്ങല്‍.
32ാം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടി പിഴവുകളില്ലാതെ റാഷ്ഫോര്‍ഡ് വലയിലെത്തിച്ചതോടെ ആദ്യ പകുതിയില്‍ ഇംഗ്ലണ്ട് മുന്നിലെത്തി. 73ാം മിനുട്ടിലാണ് നെതര്‍ലന്‍ഡ്സ് ഇതിന് മറുപടി നല്‍കിയത്. മത്തിജസ് ഡി ലിജിറ്റിലൂടെ നെതര്‍ലാന്‍ഡ്സ് സമനില പിടിച്ചു. പിന്നീട് നിശ്ചിത സമയത്തും അതിന് ശേഷമുള്ള ഇഞ്ചുറി ടൈമിലും ഇരു ടീമുകളും ഗോളുകള്‍ നേടാതിരുന്നതോടെ കളി അധിക സമയത്തിലേക്ക് നീങ്ങി.
97ാം മിനുട്ടില്‍ കെയ്‍ല്‍ വാക്കറുടെ സെല്‍ഫ് ഗോളില്‍ നെതര്‍ലന്‍ഡ്സ് മുന്നിലെത്തി. സെല്‍ഫ് ഗോള്‍ വീണ ആഘാതത്തില്‍ നിന്ന് ഇംഗ്ലണ്ട് പിന്നീട് കരകയറിയില്ല. 114ാം മിനുട്ടില്‍ ക്വിന്‍സി പ്രൊമേസ് കൂടി ഗോള്‍ നേടി നെതര്‍ലന്‍ഡ്സ് ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. പോര്‍ച്ചുഗലാണ് ഫൈനലില്‍ നെതര്‍ലന്‍ഡ്സിന്റെ എതിരാളികള്‍.