വിജയത്തിന് പിന്നാലെ ഇന്‍സ്റ്റാഗ്രാമിലിട്ട പോസ്റ്റില്‍ പുലിവാല് പിടിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം എഡിസന്‍ കവാനി. കവാനി പോസ്റ്റ് അപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്തെങ്കിലും ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന്‍ ഗൌരവത്തോടെയാണ് സംഭവത്തെ കാണുന്നത്. പോസ്റ്റിലെ വംശീയ പരാമര്‍ശത്തിന് മൂന്ന് മത്സരങ്ങളിലെങ്കിലും വിലക്ക് ലഭിക്കുമെന്നാണ് ഫുട്‍ബോള്‍ അസോസിയേഷന്‍ നല്‍കുന്ന സൂചന.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിജയത്തിന് പിന്നാലെ ഇന്‍സ്റ്റാഗ്രാമില്‍ ഒരു ആരാധകന്‍ അയച്ച പോസ്റ്റിനുള്ള മറുപടിയിലാണ് വിവാദ പരാമര്‍ശമുള്ളത്. “ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു മാറ്റഡോര്‍” എന്ന ആരാധകന്റെ പോസ്റ്റിന് “നന്ദി നെഗ്രിറ്റോ” എന്നായിരുന്നു താരത്തിന്റെ മറുപടി. ‘നെഗ്രിറ്റോ’ എന്നത് കറുത്തവര്‍ഗ്ഗക്കാരെ വിളിക്കുന്ന മോശം പദമാണ്.
2011 ല്‍ പാട്രിക് എവ്റയെ കളിക്കളത്തില്‍ ‘നെഗ്രിറ്റോ’ എന്ന് വിളിച്ചതിന് ഉറുഗ്വെയില്‍ കവാനിയുടെ സഹതാരം ലൂയി സുവാരസിന് എട്ട് മത്സരത്തിനാണ് വിലക്ക് ലഭിച്ചത്.
കവാനിയുടെ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മൂന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സതാംപ്റ്റണെ പരാജയപ്പെടുത്തിയത്. രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷമായിരുന്നു യുണൈറ്റഡിന്റെ ഗംഭീര തിരിച്ചുവരവ്. 74ാം മിനിറ്റിലും ഇഞ്ചുറി ടൈമിലുമായിരുന്നു കവാനിയുടെ ഗോളുകള്‍.