Football Sports

ഡ്രീം ഇലവന് ചെെനീസ് ബന്ധമോ? വിവാദങ്ങൾ വിട്ടൊഴിയാതെ 2020 ഐ.പി.എൽ

ഈ വര്‍ഷത്തെ ഐ.പി.എൽ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് ഫാന്റസി ഗെയിം പ്ലാറ്റ്‌ഫോമായ ഡ്രീം ഇലവന്‍ സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വിവോയെ മുഖ്യസ്​പോൺസർ സ്ഥാനത്ത്​ നിന്നുമാറ്റിയതി​ന്‍റെ വിവാദങ്ങള്‍ കെട്ടടങ്ങും മു​മ്പെ ഡ്രീം ഇലവന്‍റെ ചൈനീസ് ബന്ധം ബി.സി.സി.ഐക്ക് തലവേദനയായിരിക്കുകയാണ്​. ചൈനീസ് കമ്പനിയായ ടെന്‍സെന്റ് ഹോള്‍ഡിങ്‌സ് ലിമിറ്റഡ് ഡ്രീം ഇലവനില്‍ നിക്ഷേപകരാണ് എന്ന വാര്‍ത്തയാണ് ഇപ്പോള്‍ വിവാദങ്ങള്‍ക്ക് വഴി വെച്ചത്.

“ഡ്രീം ഇലവനിലെ ചൈനീസ് കമ്പനിയായ ടെൻസെന്റിന്റെ നിക്ഷേപത്തെക്കുറിച്ച് ചില ചോദ്യങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. എന്നാൽ അവരുടെ നിക്ഷേപം 10 ശതമാനത്തിൽ താഴെയാണ് ഡ്രീം ഇലവന്‍ ഇന്ത്യൻ കമ്പനി തന്നെയാണ്” ബി.സി.സി.ഐ വ്യക്തമാക്കി.

കഴിഞ്ഞ സീസണില്‍ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയായിരുന്നു ടൈറ്റില്‍ സ്‌പോണ്‍സര്‍മാര്‍. ചൈന-ഇന്ത്യ അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ചൈനീസ് കമ്പനികള്‍ക്ക് എതിരെ രാജ്യത്ത് ഉണ്ടായ പൊതുജന പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് വിവോയുമായുള്ള കരാര്‍ ബി.സി.സി.ഐ റദ്ദാക്കിയത്.

222 കോടിക്കാണ് ഡ്രീം ഇലവന്‍ സ്‌പോണ്‍സര്‍ഷിപ്പ് നേടിയത്. റ്റാറ്റ ഗ്രൂപ്പ്, ബൈജൂസ് ആപ്, അണ്‍അക്കാദമി എന്നിവരായിരുന്നു സ്പോണ്‍സര്‍ഷിപ്പിനായി രംഗത്തുണ്ടായിരുന്നു. അടുത്ത കുറച്ച് വര്‍ഷത്തേക്ക് ഡ്രീം ഇലവനായിരിക്കും ഐപിഎല്ലിന്റെ ടൈറ്റില്‍ സ്‌പോണ്‍സറെന്ന് ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ വ്യക്തമാക്കിയിരുന്നു.

സെപ്തംബറില്‍ യു.എ.ഇയില്‍ വെച്ചാണ് ഐപിഎല്‍ നടക്കുക. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും മത്സരങ്ങള്‍.