Sports

കോടതി തുണയായി, അനാവശ്യ മരുന്നടി വിവാദത്തില്‍ പെട്ട സഞ്ജിത ചാനുവിന് അര്‍ജുന

സഞ്ജിത ചാനുവിന് അര്‍ജുന നല്‍കുന്ന കാര്യം ഉത്തേജക വിവാദത്തില്‍ തീരുമാനമായതിന് ശേഷം പരിഗണിക്കണമെന്ന 2018ലെ ഡല്‍ഹി ഹൈക്കോടതി വിധിയും നിര്‍ണ്ണായകമായി…

സാംപിള്‍ തെറ്റി ഉത്തേജക മരുന്ന് വിവാദത്തില്‍ പെട്ട ഇന്ത്യന്‍ താരം സഞ്ജിത ചാനുവിന് ഒടുവില്‍ ആശ്വാസ വാര്‍ത്ത. തടഞ്ഞുവെക്കപ്പെട്ട സഞ്ജിത ചാനുവിന്റെ 2018ലെ അര്‍ജ്ജുന അവാര്‍ഡ് അപേക്ഷ ഇക്കുറി പരിഗണിക്കുമെന്നാണ് കായികമന്ത്രാലയം അധികൃതര്‍ അറിയിച്ചിരിക്കുന്നത്. സഞ്ജിത ചാനുവിന് അര്‍ജുന നല്‍കുന്ന കാര്യം ഉത്തേജക വിവാദത്തില്‍ തീരുമാനമായതിന് ശേഷം പരിഗണിക്കണമെന്ന 2018ലെ ഡല്‍ഹി ഹൈക്കോടതി വിധിയും നിര്‍ണ്ണായകമായി.

രണ്ട് തവണ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഭാരോദ്വഹനത്തില്‍ സ്വര്‍ണ്ണം നേടിയിട്ടുള്ള ഇന്ത്യന്‍ താരമാണ് സഞ്ജിത ചാനു. 2014ല്‍ 48 കിലോഗ്രാം വിഭാഗത്തിലും 2018ല്‍ 53 കിലോഗ്രാം വിഭാഗത്തിലുമായിരുന്നു സ്വര്‍ണ്ണം. 2016ലും 2017ലും അര്‍ജുന അവാര്‍ഡിന് സഞ്ജിത ചാനു അപേക്ഷിച്ചിരുന്നെങ്കിലും തള്ളുകയായിരുന്നു. 2017ല്‍ അര്‍ജുന നിരസിക്കപ്പെട്ടപ്പോള്‍ സഞ്ജിത ചാനു ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു.

കേസ് നടക്കുന്നതിനിടെയാണ് സഞ്ജിത ചാനുവിനെതിരെ മരുന്നടി ആരോപണം ഉയരുന്നത്. താന്‍ ഉത്തേജക മരുന്ന് കഴിച്ചിട്ടില്ലെന്ന് തുടക്കം മുതല്‍ സഞ്ജിത ചാനു നിലപാടെടുത്തിരുന്നു. ഉത്തേജക മരുന്ന് വിവാദത്തില്‍ തീരുമാനമാകുന്നതു വരെ അര്‍ജ്ജുന അപേക്ഷ മാറ്റിവെക്കാനും കുറ്റക്കാരിയല്ലെങ്കില്‍ സഞ്ജിതയെ പരിഗണിക്കണമെന്നും ഡല്‍ഹി ഹൈക്കോടതി 2018ല്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മരുന്നടിയില്‍ നിന്നും ഒഴിവാക്കിയതിന് പിന്നാലെ അര്‍ജുനക്കുള്ള അവസരം കൂടി സഞ്ജിതക്ക് ലഭിക്കുന്നന്.

2017ലെ ലോകചാംപ്യന്‍ഷിപ്പിനു മുന്നോടിയായാണ് ചാനുവിനെ ഉത്തേജക പരിശോധനയ്ക്കു വിധേയയാക്കിയത്. മൂത്രസാംപിളില്‍ അനബോളിക് സ്റ്റീറോയ്ഡ് സാന്നിധ്യം കണ്ടെത്തിയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് 2018 മേയ് 15ന് ചാനുവിനെതിരെ വിലക്ക് നിലവില്‍വന്നു. അതേവര്‍ഷം സെപ്തംബറില്‍ ചാനുവിന്റെ രണ്ടാം സാംപിളും പോസിറ്റീവാണെന്ന് റിപ്പോര്‍ട്ടും വന്നിരുന്നു.

രണ്ട് വര്‍ഷത്തിനു ശേഷം സാംപിളുകള്‍ മാറിപോയതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ താരത്തിനെതിരെ നടപടിയെടുത്തതെന്ന് വാഡയും(അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സി) ഐ.ഡബ്യു.എഫും കുറ്റസമ്മതം നത്തി. വാഡയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് ചാനുവിന്റെ വിലക്ക് നീക്കിയിരിക്കുന്നത്. ചാനുവിന്റെ സാംപിള്‍ പരിശോധിച്ച യുഎസിലെ ലബോറട്ടറിയുടെ അംഗീകാരം അടുത്തയിടെയാണ് റദ്ദാക്കിയത്.

ഇ മെയില്‍ വഴിയാണ് ചാനുവിനെ കുറ്റവിമുക്തയാക്കുന്നതായി ഐ.ഡബ്ല്യു.എഫ് അറിയിച്ചത്. അനാവശ്യമായി താന്‍ അനുഭവിച്ച മാനസിക പീഡനത്തിന്റേയും വിലക്കിന്റേയും പേരില്‍ ഐ.ഡബ്ല്യു.എഫിനെതിരെ പരാതി നല്‍കുമെന്നും സഞ്ജിത ചാനു അറിയിച്ചിട്ടുണ്ട്.