വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റ്‌സ്മാൻ ഋഷഭ് പന്തിന് ഐപിഎൽ 2023 സീസൺ നഷ്ടമാകുമെന്ന് ഉറപ്പായി കഴിഞ്ഞു. ലിഗമെന്റിനേറ്റ പരുക്കിൽ നിന്ന് കരകയറാൻ താരത്തിന് 6 മാസമെങ്കിലും ആവശ്യമാണ്. ഈ സാഹചര്യത്തിൽ പന്തിന് പകരം ഡേവിഡ് വാർണർ ഡൽഹി ക്യാപിറ്റൽസ് നായകനാകുമെന്നാണ് പുതുയ റിപോർട്ടുകൾ.
പന്തിന്റെ അഭാവത്തിൽ ഡേവിഡ് വാർണർക്ക് ടീമിന്റെ നേതൃത്വം കൈമാറുന്ന കാര്യം ഡൽഹി ക്യാപിറ്റൽസ് മാനേജ്‌മെന്റ് പരിഗണിക്കുന്നതായി TOI റിപ്പോർട്ടിൽ പറയുന്നു. വിഷയം വാർണറുമായി ഉടൻ ചർച്ച ചെയ്യും. കൂടാതെ പന്തിന് പകരം ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനെ ടീം തെരയുകയാണ്. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈക്ക് വേണ്ടി കളിക്കുന്ന സര്‍ഫറാസ് ഖാനെ കീപ്പറാക്കുമെന്നുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.
2021 ലെ സീസണിലാണ് ഋഷഭ് പന്തിനെ ക്യാപ്റ്റനായി ടീം നിയമിക്കുന്നത്. 2015-ൽ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റനായി ഡേവിഡ് വാർണറെ നിയമിക്കുകയും 2016-ൽ ടീമിനെ അവരുടെ ആദ്യത്തെയും ഏക ഐപിഎൽ കിരീടത്തിലേക്ക് നയിക്കുകയും ചെയ്തു. എന്നാൽ ഐപിഎൽ 2021-ന്റെ മധ്യത്തിൽ വാർണറെ SRH ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് അപ്രതീക്ഷിതമായി പുറത്താക്കി, അദ്ദേഹത്തെ നിലനിർത്തേണ്ടതില്ലെന്ന് ഫ്രാഞ്ചൈസി തീരുമാനിച്ചു. ഐപിഎൽ 2022 മെഗാ ലേലത്തിൽ 6.25 കോടി രൂപയ്ക്കാണ് ഡൽഹി ക്യാപിറ്റൽസ് അദ്ദേഹത്തെ സ്വന്തമാക്കിയത്.