Football Sports

റൊണോയുടെ യുവന്‍റസ് ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്ത്

അവിസ്മരണീയ മുഹൂർത്തങ്ങൾക്കാണ് ചാമ്പ്യൻസ് ലീഗ് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഫുട്ബോൾ പാരമ്പര്യം വേണ്ടോളമുള്ള ക്ലബാണ് അയാക്സ്. പക്ഷേ സാമ്പത്തികമായി മറ്റു പല ക്ലബുകൾക്കും മുന്നിൽ അയാക്സ് ഒന്നുമല്ല. എന്നാൽ കേവലം ആറ് ആഴ്ചകൾക്കിടയില്‍ രണ്ട് യൂറോപ്യൻ വമ്പന്മാരെ തകർത്തിരിക്കുകയാണ് അയാക്സ്.

തുടരെ മൂന്ന് പ്രാവശ്യം ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തിയ റയലിനെ കഴിഞ്ഞ മാസം 4-1ന് അയാക്സ് തകർത്തിരുന്നു. സാമ്പത്തികമായി വളരെ ചെറിയ ക്ലബ് ലോകത്തിലെ ഏറ്റവും സമ്പന്നരായ ക്ലബിനെ തകർത്തത് അന്നേ ചര്‍ച്ചയായിരുന്നു.


എന്നാൽ ഇന്ന് രാത്രി അയാക്സ് ചരിത്രത്തില്‍ അടുത്ത അധ്യായം രചിച്ചിരിക്കുകയാണ്. ഇറ്റലിയിലെ ടൂറിനിൽ ഫുട്ബോൾ ഇതിഹാസം റൊണാൾഡോയുടെ യുവന്റസിനെ 2-1 തകർത്ത് ചാമ്പ്യൻസ് ലീഗ് സെമിയിൽ കടന്നിരിക്കുന്നു.

ജയത്തിനപ്പുറം എതിരാളികളെ ഒട്ടും ഭയപ്പെടാതെ മൈതാനത്ത് പരന്ന് കളിച്ച അയാക്സ് അവരുടെ ചരിത്രത്തിലേക്ക് നമ്മെ കൊണ്ടുപോകുകയായിരുന്നു. പ്രത്യേകിച്ചും രണ്ടാം പാദത്തിലെ അയാക്സ് താരങ്ങളുടെ ഒത്തൊരുമ, തന്ത്രങ്ങൾ, മുന്നേറ്റങ്ങള്‍ എല്ലാത്തിലും കാൽപന്ത് കളിയുടെ മുഴുവൻ സൗന്ദര്യവും പ്രകടമായിരുന്നു.

മത്സരത്തിൽ ആദ്യം മുൻതൂക്കം യുവന്റസിനായിരുന്നു. റൊണാൾഡോ എന്ന ഇതിഹാസത്തിന്റെ മനോഹരമായ ഹെഡ്ഡർ ഗോളിൽ യുവന്റസ് മുന്നിട്ടുനിന്നു. എന്നാൽ ആറ് മിനറ്റിനുള്ളിൽ ഡോണി വാൻ ഡി ബീക്കിലൂടെ അയാക്സ് തിരിച്ചടിച്ചു. 1-1ന് ആദ്യപാദം അവസാനിച്ചു.

രണ്ടാം പാദം അയാക്സിന്റേതായിരുന്നു. നിരന്തരം മുന്നേറ്റങ്ങള്‍ നടത്തി ‌യുവന്റസ് ഗോൾ മുഖം നിരന്തരം വിറപ്പിച്ചു. ടാടിക്ക്, നെരസ്, സിയേച്ച് എന്നിവരിലൂടെ അയാക്സ് നിരന്തരം അക്രമിച്ച് കളിച്ചു. 61ാം മിനിറ്റിൽ അത് ഫലം കണ്ടു. കോർണർ കിക്ക് ഡി ലൈറ്റ് മനോഹരമായി ഹെഡ്ഡറിലുടെ ഗോൾ വരകടത്തി. പിന്നീടും യുവന്റസിന് കാര്യമായ മുന്നേറ്റങ്ങളൊന്നും നടത്താനായില്ല. ഒന്നു രണ്ട് മുന്നേറ്റങ്ങളൊഴിച്ചാല്‍ റൊണാൾഡോക്കും പ്രത്യേകിച്ചൊന്നും ചെയ്യാനുണ്ടായിരുന്നില്ല.

എന്തായാലും അയാക്സ് 1997ന് ശേഷം ചാമ്പ്യൻസ് ലീഗ് സെമിയിൽ കടന്നിരിക്കുന്നു. ‌

അയാക്സിന് വമ്പൻ ക്ലബുകളെയെല്ലാം പരാജയപ്പെടുത്താനാവും. പണത്തിന്റെ കൂമ്പാരങ്ങൾ എവിടെയും ഗോളടിക്കുന്നത് നിങ്ങൾക്ക് കാണാനാവില്ല യോഹാൻ ക്രൈഫിന്റെ പ്രശസ്ത വാക്കുകളാണിത്. എന്തും സംഭവിക്കാം… ഈ കു‍ഞ്ഞി ക്ലബിന്റെ അത്ഭുതങ്ങൾ ഇനിയും മൈതാനത്ത് വിരിയും. കാരണം അത് അയാക്സാണ്..