Football Sports

കൂട്ടുകാരന്റെ ക്ഷണം വെറുതെയായി; ആ 19-കാരൻ ബാഴ്‌സയിലേക്കില്ല, നേട്ടം യുവന്റസിന്

ആംസ്റ്റർഡാം: കഴിഞ്ഞ സീസണിൽ അയാക്‌സ് ആംസ്റ്റർഡാമിന്റെ അത്ഭുതക്കുതിപ്പ് നയിച്ച മത്ത്യാസ് ഡി ലിഗ്റ്റ് ബാഴ്‌സലോണയിലേക്കില്ലെന്നുറപ്പായി. യൂറോപ്പിലെ വൻകിട ക്ലബ്ബുകൾ നോട്ടമിട്ടിരുന്ന 19-കാരനുമായി ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസ് കരാറിലെത്തിയതായി ഡി ലിഗ്റ്റിന്റെ ഏജന്റ് മിനോ റയോള സ്ഥിരീകരിച്ചു.

നേരത്തെ, അയാക്‌സിൽ നിന്ന് ബാഴ്‌സലോണയിലേക്ക് കൂടുമാറിയ മിഡ്ഫീൽഡർ ഫ്രെങ്കി ഡിയോങ്, അയാക്‌സിൽ തന്റെ സഹതാരമായിരുന്ന ഡി ലിഗ്റ്റിനെ നൗകാംപിലേക്ക് ക്ഷണിച്ചിരുന്നു. ഡി ലിഗ്റ്റ് കൂടി കൂടെയുണ്ടായാൽ സന്തോഷമാകുമെന്നും അക്കാര്യത്തിൽ താരവും അദ്ദേഹത്തിന്റെ കുടുംബവുമാണ് തീരുമാനമെടുക്കേണ്ടതെന്നും ഡിയോങ് പറഞ്ഞു. ഡി ലിഗ്റ്റിനെ വാങ്ങാൻ ബാഴ്‌സ പ്രസിഡണ്ട് ജോസപ് മരിയ ബർതമ്യൂവിന് പദ്ധതിയുണ്ടായിരുന്നെങ്കിലും താരം ഇറ്റലിയിലേക്ക് കൂടുമാറാനാണ് തീരുമാനിച്ചത്. ഫ്രഞ്ച് ചാമ്പ്യന്മാരായ പി.എസ്.ജിയും വൻതുകയുമായി ഡച്ച് താരത്തിനു വേണ്ടി രംഗത്തിറങ്ങിയിരുന്നു.

ഓരോ ആഴ്ചയും രണ്ടരലക്ഷം യൂറോ (20 കോടി രൂപ) ആണ് ഡി ലിഗ്റ്റിന് യുവന്റസ് വേതനം നൽകുക. വ്യക്തിപരമായ കാര്യങ്ങളിൽ കരാറിലെത്തിയെങ്കിലും ട്രാൻസ്ഫർ തുക സംബന്ധിച്ച് അയാക്‌സും യുവന്റസും തമ്മിൽ അന്തിമ കരാറിലെത്തിയിട്ടില്ല. 50 ദശലക്ഷം ഡോളർ (385 കോടി രൂപ) ആണ് യുവന്റസ് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ 70 ദശലക്ഷം (540 കോടി) വേണമെന്ന നിലപാടിലാണ് ഡച്ച് ചാമ്പ്യന്മാർ. കഴിഞ്ഞ സീസണിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്കു വേണ്ടി വൻതുക മുടക്കേണ്ടി വന്ന യുവന്റസ് ഇത്രവലിയ തുക ചെലവഴിക്കാൻ തയ്യാറാകുമോ എന്നാണ് കാത്തിരുന്നു കാണേണ്ടത്.

പ്രതിരോധ താരമായ ഡി ലിഗ്റ്റ് ക്ലീൻ ടാക്ലിങ്, വേഗത, കരുത്ത്, കൃത്യതയാർന്ന പാസുകൾ എന്നിവയ്ക്ക് ശ്രദ്ധേയനാണ്. ആറടി രണ്ടിഞ്ചുകാരനായ താരത്തിന്റെ ഉയരം സെറ്റ് പീസുകളിൽ ടീമിന് മുതൽക്കൂട്ടാകാറുണ്ട്.