Football Sports

മേജർ ലീഗ് സോക്കറിനെക്കാൾ നല്ലത് സൗദി ലീഗ്; മെസിയെ ‘ചൊറിഞ്ഞ്’ ക്രിസ്റ്റ്യാനോ


മേജർ ലീഗ് സോക്കറിനെക്കാൾ നല്ലത് സൗദി ലീഗ് എന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി ലീഗിൽ അൽ നസ്റിൻ്റെ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. സ്പാനിഷ് ക്ലബ് സെൽറ്റ വിഗോയ്ക്കെതിരെ അൽ നസ്ർ എതിരില്ലാത്ത 5 ഗോളുകൾക്ക് മുട്ടുമടക്കിയതിനു ശേഷം നടന്ന വാർത്താസമ്മേളനത്തിലായിരുന്നു. ക്രിസ്റ്റ്യാനോയുടെ അവകാശവാദം. ലയണൽ മെസിയെ മേജർ ലീഗ് സോക്കർ ക്ലബ് ഇൻ്റർ മയാമി അവതരിപ്പിച്ചതിനു പിന്നാലെയാണ് ഈ പ്രസ്താവനയെന്നതും ഫുട്ബോൾ ലോകം ചൂണ്ടിക്കാട്ടുന്നു.

മേജർ ലീഗ് സോക്കറിനെക്കാൾ നല്ലത് സൗദി ലീഗാണ്. ഞാൻ സൗദി ലീഗിലേക്കുള്ള വഴി തുറന്നു. ഇപ്പോൾ താരങ്ങൾ ഇവിടേക്ക് വരുന്നുണ്ട്. ഒരു കൊല്ലത്തിനുള്ളിൽ കൂടുതൽ താരങ്ങൾ സൗദിയിലേക്ക് വരും. സൗദി ക്ലബുമായി ഞാൻ കരാറൊപ്പിട്ടതിനു കാരണം മികച്ച താരങ്ങളെ ഇവിടേക്ക് എത്തിക്കാനായിരുന്നു. ഒരു വർഷത്തിൽ സൗദി ലീഗി ടർക്കിഷ്, ഡച്ച് ലീഗുകളെ മറികടക്കും. ഇതെനിക്കറിയാം. കാരണം, ചത്തുകിടക്കുകയായിരുന്ന ഇറ്റാലിയൻ ലീഗ് ഞാൻ ചെന്നുകഴിഞ്ഞാണ് ചൈതന്യമാർജിച്ചത്. ക്രിസ്റ്റ്യാനോ എവിടെപ്പോയാലും അവിടെയൊക്കെ ഇങ്ങനെയുണ്ടാവും. അതെനിക്കറിയാം. അടുത്ത വർഷം കൂടുതൽ താരങ്ങൾ സൗദിയിലെത്തും.”- ക്രിസ്റ്റ്യാനോ പറഞ്ഞു.

താൻ ഇനി ഒരു യൂറോപ്യൻ ക്ലബിലേക്ക് പോവില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് 38 വയസായി. യൂറോപ്യൻ ഫുട്ബോളിൻ്റെ ഗുണം നഷ്ടമായി. പ്രീമിയർ ലീഗ് മാത്രമാണ് ഇപ്പോഴും നന്നായി പോകുന്നത്. സ്പാനിഷ് ലീഗ് അത്ര നല്ലതല്ല. പോർച്ചുഗീസ് ലീഗ് നല്ലതാണ്. എന്നാലും അത്ര പോര. ജർമൻ ലീഗ് മോശമായി എന്നും അദ്ദേഹം പറഞ്ഞു.

അൽ നസ്ർ ക്രിസ്റ്റ്യാനോയെ ടീമിലെത്തിച്ചതിനു പിന്നാലെ കരീം ബെൻസേമ, എൻഗോളോ കാൻ്റെ, റൂബൻ നെവെസ്, റോബർട്ടോ ഫിർമീനോ തുടങ്ങി വിവിധ താരങ്ങളെ വിവിധ ക്ലബുകൾ ടീമിലെത്തിച്ചു.