സീനിയർ കരിയറിൽ 800 ഗോളുകൾ തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ പോർച്ചുഗീസ് സ്ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇന്നലെ ആഴ്സണലിനെതിരെ നടന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിലാണ് താരം ഈ നേട്ടം കുറിച്ചത്. ആഴ്സണലിനെതിരെ ഇരട്ട ഗോളടിച്ച ക്രിസ്റ്റ്യാനോ ആകെ ഗോളുകളുടെ എണ്ണം 801 ആയി ഉയർത്തി. (cristiano ronaldo 800 goals)
1097 ഔദ്യോഗിക മത്സരങ്ങളിൽ നിന്നാണ് പോർച്ചുഗൽ താരം 801 ഗോളുകൾ സ്വന്തമാക്കിയത്. 2002 ഒക്ടോബർ 7ന് ബ്രാഗക്കെതിരെ സ്പോർട്ടിംഗ് ലിസ്ബണു വേണ്ടി ആദ്യ ഗോൾ നേടിയ ക്രിസ്റ്റ്യാനോ പിന്നീട് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ്, ലാ ലീഗ ക്ലബ് റയൽ മാഡ്രിഡ്, സീരി എ ക്ലബ് യുവൻ്റസ് എന്നീ ടീമുകൾക്കായും ഗോളടി തുടർന്നു. യുണൈറ്റഡിൽ റയൽ മാഡ്രിഡ് കരിയറിലാണ് റൊണാൾഡോ ഏറ്റവുമധികം ഗോൾ നേടിയത്. 450 തവണ താരം എതിരാളികളുടെ വല തുളച്ചു. രണ്ട് കാലഘട്ടങ്ങളിലായി മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി 130 ഗോളുകൾ നേടിയ താരം യുവൻ്റസ് ജഴ്സിയിൽ 101 ഗോളുകളും ദേശീയ ജഴ്സിയിൽ 115 ഗോളുകളും സ്കോർ ചെയ്തു.
ബ്രസീൽ ഇതിഹാസ താരം പെലെ ആയിരത്തിലധികം ഗോളുകൾ നേടിയെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഔദ്യോഗിക കണക്കനുസരിച്ച് 769 ഗോളുകൾ മാത്രമാണ് പെലെയുടെ പേരിലുള്ളത്. ഹംഗേറിയൻ ഇതിഹാസം ഫെറങ്ക് പുസ്കാസ് (761), അർജൻ്റീനയുടെ പിഎസ്ജി താരം ലയണൽ മെസി (756) എന്നിവരാണ് പെലെയ്ക്ക് പിന്നിലുള്ളത്.
രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ആഴ്സണലിനെ യുണൈറ്റഡ് പരാജയപ്പെടുത്തിയത്. 13ആം മിനിട്ടിൽ എമിൽ റോവ് സ്മിത്തിലൂടെ ആദ്യം ഗോളടിച്ച ആഴ്സണലിനെ 44ആം മിനിട്ടിൽ ബ്രൂണോ ഫെർണാണ്ടസിലൂടെ മാഞ്ചസ്റ്റർ ഒപ്പം പിടിച്ചു. 52ആം മിനിട്ടിൽ ക്രിസ്റ്റ്യാനോയിലൂടെ യുണൈറ്റഡ് ലീഡെടുത്തു. എന്നാൽ, 54ആം മിനിട്ടിൽ മാർട്ടിൻ ഒഡെഗാർഡ് ആഴ്സണലിനു സമനില നൽകി. 70 ആം മിനിട്ടിൽ യുണൈറ്റഡ് വീണ്ടും കളി പിടിച്ചു. 70ആം മിനിട്ടിൽ രണ്ടാം വട്ടം വല ചലിപ്പിച്ച ക്രിസ്റ്റ്യാനോയാണ് യുണൈറ്റഡിനു ജയം സമ്മാനിച്ചത്.