Cricket Sports

‘ധോണിയുടെ ഈ സീറ്റില്‍ ആരും ഇരിക്കാറില്ല, വല്ലാതെ മിസ് ചെയ്യുന്നു’

ആറ് മാസത്തിലേറെയായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് മഹേന്ദ്ര സിംങ് ധോണി. അദ്ദേഹത്തിന്റെ തിരിച്ചുവരവ് സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. ധോണി ഐ.പി.എല്ലില്‍ കളിക്കുമെന്ന കാര്യം ഏതാണ്ട് ഉറപ്പാണ്. ഐ.പി.എല്ലിലെ ധോണിയുടെ പ്രകടനത്തിനനുസരിച്ചിരിക്കും ടി20 ലോകകപ്പില്‍ അദ്ദേഹം കളിക്കുമോ എന്നതെന്ന് ഇന്ത്യന്‍പരിശീലകന്‍ രവിശാസ്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു.

ആരാധകര്‍ മാത്രമല്ല സഹതാരങ്ങളും ധോണിയുടെ മടങ്ങി വരവിനായി കാത്തിരിക്കുകയാണെന്നാണ് ചാഹലിന്റെ വീഡിയോ കാണിക്കുന്നത്. ചാഹല്‍ ടിവിയുടെ ഒരു എപിസോഡില്‍ ഇന്ത്യന്‍ ടീമിന്റെ ബസ് യാത്രചിത്രീകരിക്കുന്നതിനിടെയാണ് അസാന്നിധ്യം കൊണ്ട് ശ്രദ്ധേയനായ ധോണിയുടെ കാര്യം ചാഹല്‍ പറഞ്ഞത്. അല്‍പം വൈകാരികമായി തന്നെയാണ് ചാഹല്‍ ധോണിയെ കുറിച്ച് പറഞ്ഞതും.

ഇന്ത്യന്‍ ടീമിലെ ഓരോ താരങ്ങളുമായി പലകാര്യങ്ങളും സംസാരിച്ചശേഷമാണ് ധോണിയെ ചാഹല്‍ ഓര്‍ക്കുന്നത്. ടീം ബസിലെ ഏറ്റവും അവസാനത്തെ ജനാലയോട് ചേര്‍ന്നുള്ള സീറ്റിലായിരുന്നു ധോണി സ്ഥിരമായി ഇരിക്കാറെന്ന് ഓര്‍ത്ത ചാഹല്‍ ഇപ്പോഴും അവിടെ ആരും ഇരിക്കാറില്ലെന്നും പറഞ്ഞു.

‘ചാഹല്‍ ടി.വിയില്‍ ഒരിക്കല്‍പോലും വരാത്ത ഒരു കളിക്കാരനുണ്ട്. അദ്ദേഹം ധോണിയാണ്. പലതവണ ചാഹല്‍ ടിവിയില്‍ തന്നെ കൂടി ഉള്‍പെടുത്തണമെന്ന് ധോണി പറയുക പോലും ചെയ്തു. അപ്പോള്‍ പോലും പിന്നെയാവട്ടെ എന്നായിരുന്നു ഞാന്‍ പറഞ്ഞത്. ആരും ഈ സീറ്റില്‍ ഇരിക്കാറില്ല. ഞങ്ങള്‍ ധോണിയെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്’ ചാഹല്‍ പറഞ്ഞു.