Cricket Sports

ആറ് കൊല്ലം മുമ്പ് ബുംറയെ ആദ്യമായി നേരിട്ട അനുഭവം പങ്കിട്ട് യുവി

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ബുംറ തുടരുന്ന മാസ്മരിക ബൗളിംങ് പ്രകടനത്തെ എല്ലാവരും പ്രശംസകള്‍ കൊണ്ട് മൂടുകയാണ്. തലമുറയില്‍ ഒരിക്കല്‍ സംഭവിക്കുന്ന ബൗളറാണ് ബുംറയെന്നും മറ്റു ബൗളര്‍മാരില്‍ നിന്നും ഒരുപടി മുകളില്‍ നില്‍കാനുള്ള കഴിവ് ബുംറക്കുണ്ടെന്നുമാണ് യുവരാജ് സിങ് പറഞ്ഞത്. ഇതിനൊപ്പം ബുംറയെ ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദ്യമായി നേരിടേണ്ടി വന്നതിനെക്കുറിച്ചും യുവി ഓര്‍ത്തു.

രഞ്ജി ട്രോഫി മത്സരത്തിനിടെയായിരുന്നു യുവരാജ് സിങ് ആദ്യമായി ബുംറയെ നേരിട്ടത്. 2013ല്‍ മൊഹാലിയില്‍ വെച്ചായിരുന്നു അത്. പഞ്ചാബിനുവേണ്ടിയിറങ്ങിയ യുവരാജിനെ ഗുജറാത്ത് താരമായിരുന്ന ബുംറയുടെ പന്തുകള്‍ വെള്ളം കുടിപ്പിക്കുക തന്നെ ചെയ്തു. 20കാരനായ ബുംറ അന്നെറിഞ്ഞ നാല് ഓവര്‍ സ്‌പെല്‍ ഇന്നും മറക്കാനാകില്ലെന്ന് യുവി പറയുന്നു. അന്നേ ടെസ്റ്റില്‍ ഇന്ത്യയുടെ വിജയതാരമായി ബുംറ മാറുമെന്ന് തനിക്ക് മനസിലായെന്നാണ് യുവരാജ് സിങ് പറഞ്ഞത്.

നിശ്ചിത ഓവര്‍ മത്സരങ്ങളില്‍ ശ്രദ്ധേയ പ്രകടനങ്ങള്‍ ബുംറ നടത്തിയതിന് പിന്നാലെ പലരും ടെസ്റ്റില്‍ ഇതേ കളി തുടരാനാകുമോ എന്ന ആശങ്ക ഉയര്‍ത്തിയിരുന്നു. തികച്ചും വ്യത്യസ്തമായ ബുംറയുടെ ആക്ഷനായിരുന്നു ആശങ്കക്ക് കാരമണമായത്. ടെസ്റ്റില്‍ നീണ്ട സ്‌പെല്‍ എറിയേണ്ടി വന്നാല്‍ പരിക്കിന് സാധ്യതയുണ്ടെന്നതായിരുന്നു ക്രിക്കറ്റ് പണ്ഡിതരുടെ വിലയിരുത്തല്‍. എന്നാല്‍ ഈ ആശങ്കകളെയും വിമര്‍ശനങ്ങളേയും അസ്ഥാനത്താക്കുന്ന പ്രകടനമാണ് മൂന്ന് വര്‍ഷമായി ബുംറ ടെസ്റ്റില്‍ നടത്തുന്നത്. നിലവില്‍ മറ്റ് ബൗളര്‍മാരേക്കാള്‍ ഒരു പടി മുകളിലാണ് ബുംറയെന്നും യുവി പറഞ്ഞു.

2016 ജനുവരിയില്‍ ഏകദിനത്തിലും ടി 20യിലും ഇന്ത്യക്കുവേണ്ടി കളിച്ച ബുംറ രണ്ട് വര്‍ഷത്തിന് ശേഷമാണ് ടെസ്റ്റില്‍ അരങ്ങേറിയത്. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മൂന്ന് മല്‍സരങ്ങളില്‍നിന്ന് 14 വിക്കറ്റുകള്‍ വീഴ്ത്തിയാണ് വിമര്‍ശകര്‍ക്ക് ബുമ്ര മറുപടി നല്‍കിയത്. ഇതുവരെ 11 ടെസ്റ്റില്‍ നിന്ന് 55 വിക്കറ്റുകളാണ് ബുമ്ര വീഴ്ത്തിയിട്ടുള്ളത്.