ടീം ഇന്ത്യയുമായി ബന്ധപ്പെട്ട് സമീപകാലത്ത് ഏറ്റവും കൂടുതല്‍ ഉയര്‍ന്ന ചര്‍ച്ചകളിലൊന്നിന്റെ വിഷയം, ആരാകണം നാലാം നമ്പര്‍ ബാറ്റ്സ്മാന്‍ എന്നതായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ വാദപ്രതിവാദങ്ങളും നടന്നുകഴിഞ്ഞു. ഇപ്പോഴിതാ നാലാം നമ്പര്‍ ബാറ്റ്സ്മാനെ കുറിച്ചുള്ള ഹര്‍ഭജന്‍ സിങിന്റെ ഒരു പരാമര്‍ശത്തിന് മാനേജ്മെന്റിനെ പരിഹസിച്ച് രംഗത്തുവന്നിരിക്കുകയാണ് യുവരാജ് സിങ്. ടീമിന്റെ മുന്‍നിര വളരെ ശക്തമാണെന്നും അതുകൊണ്ട് തന്നെ നാലാം നമ്പർ ബാറ്റ്സ്മാന്റെ ആവശ്യമില്ലെന്നുമാണ് യുവരാജ് സിങ് പറയുന്നത്.
ആഭ്യന്തര ക്രിക്കറ്റിൽ ധാരാളം റൺസ് നേടിയിട്ടും എന്തുകൊണ്ടാണ് സൂര്യകുമാർ യാദവിനെ ടീമിലേക്ക് തിരഞ്ഞെടുക്കാത്തതെന്ന മുൻതാരം ഹർഭജൻ സിങിന്റെ ചോദ്യത്തിന് ഉത്തരമായാണ് യുവരാജിന്റെ ഈ മറുപടി. ആഭ്യന്തര ക്രിക്കറ്റിൽ റൺസ് വാരിക്കൂട്ടിയിട്ടും എന്തുകൊണ്ടാണ് സൂര്യകുമാറിനെ ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കാത്തതെന്ന് അറിയില്ല. ഇനിയും കഠിനാധ്വാനം ചെയ്യുക… നിങ്ങളുടെ സമയം വരും,” എന്നായിരുന്നു കഴിഞ്ഞദിവസം ഹർഭജൻ സിങ് ട്വീറ്റ് ചെയ്തത്. ഈ പോസ്റ്റിന് മറുപടി നൽകിയ യുവരാജ് സിങ് കുറിച്ചത് ഇങ്ങനെ, “യാർ… ഞാൻ നിന്നോട് പറഞ്ഞു! അവർക്ക് ഒരു നാലാം നമ്പറിന്റെ ആവശ്യമില്ല. ടോപ്പ് ഓർഡർ വളരെ ശക്തമാണ്”.
സമീപകാലത്ത് ഏവരേയും ആകര്‍ഷിക്കുന്ന മിന്നുംപ്രകടനമാണ് വിജയ് ഹസാരെ ട്രോഫിയില്‍ സൂര്യകുമാർ യാദവ് പുറത്തെടുത്തത്. ഛത്തീസ്ഗഡിനെതിരെ 31 പന്തിൽ 81 റൺസാണ് സൂര്യകുമാര്‍ അടിച്ചുകൂട്ടിയത്. സൂര്യകുമാർ യാദവിന്റെ ഈ വെടിക്കെട്ട് പ്രകടനം 50 ഓവറിൽ 317/5 എന്ന നിലയിലേക്ക് മുംബൈയെ എത്തിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ ഹർഭജനും യുവരാജും ഇതാദ്യമല്ല ഇത്തരം നര്‍മത്തില്‍ ചാലിച്ച ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നത്. ഈ മാസം ആദ്യം യുവരാജ് സിങ് ഇതേ വാക്കുകൾ ഉപയോഗിച്ചിരുന്നു. ഏകദിന മത്സരങ്ങളിൽ സഞ്ജു സാംസണിന് നാലാം സ്ഥാനത്ത് അവസരം നൽകണമെന്ന ഹർഭജൻ സിങിന്റെ പോസ്റ്റിന്, “ടോപ്പ് ഓർഡർ വളരെ ശക്തമാണ് ബ്രോ… അവർക്ക് നാലാം നമ്പര്‍ ബാറ്റ്സ്മാൻ ആവശ്യമില്ല” എന്നായിരുന്നു യുവിയുടെ മറുപടി.