Cricket Sports

യുവിയെ മറികടക്കാനൊരുങ്ങി രോഹിത് ; വേണ്ടത് 26 റണ്‍സ് കൂടി

ഏകദിന ക്രിക്കറ്റില്‍ യുവരാജ് സിംഗിന്റെ റണ്‍ നേട്ടം മറികടക്കാനൊരുങ്ങി ഇന്ത്യന്‍ സ്റ്റാര്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ. ഇന്ന് വെസ്റ്റിന്‍ഡീസിനെതിരെ നടക്കാനിരിക്കുന്ന മൂന്നാംഏകദിനത്തില്‍ 26 റണ്‍സ് നേടാന്‍ കഴിഞ്ഞാല്‍ ഏകദിന റണ്‍ വേട്ടയില്‍ യുവിയെ മറികടക്കാന്‍ രോഹിതിന് കഴിയും. ഇതോടെ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങളില്‍ ഏഴാം സ്ഥാനത്തും ഇന്ത്യന്‍ ഉപനായകനെത്തും.

304 ഏകദിന‌ങ്ങളില്‍ നിന്ന് 8701 റണ്‍സാണ് അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച യുവരാജ് സിംഗ് നേടിയിട്ടുള്ളത്. അതേ സമയം വെറും 217 മത്സരങ്ങളില്‍ നിന്ന് 27 സെഞ്ചുറികളും, 42 അര്‍ധസെഞ്ചുറികളുമടക്കം 48.74 ബാറ്റിംഗ് ശരാശരിയില്‍ 8676 റണ്‍സാണ് രോഹിത് ഏകദിനത്തില്‍ അടിച്ചിരിക്കുന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോഹ്ലി, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, എം എസ് ധോണി, മൊഹമ്മദ് അസറുദ്ദീന്‍ എന്നിവരാണ് ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങളില്‍ ആദ്യ 6 സ്ഥാനങ്ങളിലുള്ളത്.

അതേ സമയം യുവരാജിന്റെ ഏകദിന റണ്ണുകളില്‍ 69 റണ്‍സ് അദ്ദേഹം നേടിയത് ഏഷ്യന്‍ ഇലവന് വേണ്ടി കളിക്കുമ്ബോളായിരുന്നു‌. ഇത് മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യന്‍ ജേഴ്സിയില്‍ താരം നേടിയിരിക്കുന്നത് 8609 റണ്‍സാണ്. അത് കൊണ്ട് തന്നെ 8676 റണ്‍സ് ഇന്ത്യന്‍ ജേഴ്സിയില്‍ നേടിയിട്ടുള്ള രോഹിത്, ഇന്ത്യയ്ക്ക് വേണ്ടി നേടിയ ഏകദിന റണ്ണുകളുടെ കാര്യത്തില്‍ നേരത്തെ തന്നെ യുവിയെ മറികടന്നിരുന്നു.