ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. ആദ്യ ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 103 റൺസ് എന്ന നിലയിലാണ്. 51 റൺസ് നേടി പുറത്താവാതെ നിൽക്കുന്ന യശസ്വി ജയ്സ്വാളാണ് ഇന്ത്യൻ ഇന്നിംഗ്സിൽ മികച്ച പ്രകടനം നടത്തിയത്. ക്യാപ്റ്റൻ രോഹിത് ശർമ (14), ശുഭ്മൻ ഗിൽ (34) എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്.
മാർക്ക് വുഡിനു പകരമെത്തിയ ജെയിംസ് ആൻഡേഴ്സൺ ഇന്ത്യൻ ബാറ്റർമാരെ വിറപ്പിച്ചാണ് തുടങ്ങിയത്. ഇംഗ്ലണ്ട് ബൗളർമാരൊക്കെ നന്നായി പന്തെറിഞ്ഞപ്പോൾ ബെൻ സ്റ്റോക്സിൻ്റെ ക്യാപ്റ്റൻസിയും മികച്ചുനിന്നു. യശസ്വി ജയ്സ്വാൾ ആധികാരികതയോടെ ബാറ്റ് ചെയ്തെങ്കിലും രോഹിതിന് അതിനു സാധിച്ചില്ല. ഒടുവിൽ 41 റൺസ് നീണ്ട ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് അവസാനിപ്പിച്ച് രോഹിത് അരങ്ങേറ്റക്കാരൻ ഷൊഐബ് ബഷീറിനു വിക്കറ്റ് സമ്മാനിച്ച് മടങ്ങി.
രണ്ടാം വിക്കറ്റിൽ ശുഭ്മൻ ഗിൽ ചേർന്നതോടെ ഇന്ത്യൻ സ്കോർ ഉയർന്നു. ഇരുവരും പ്രശ്നങ്ങളൊന്നുമില്ലാതെ 49 റൺസ് കൂട്ടിച്ചേർത്തു. 34 റൺസ് നേടിയ ഗില്ലിനെ രണ്ടാം സ്പെല്ലിനെത്തിയ ജെയിംസ് ആൻഡേഴ്സൺ വീഴ്ത്തുകയായിരുന്നു. ഇതിനിടെ യശസ്വി ഫിഫ്റ്റി തികച്ചു. യശസ്വിക്കൊപ്പം ശ്രേയാസ് അയ്യരാണ് (4) ക്രീസിൽ.