ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിലെ കുറഞ്ഞ ഓവർ നിരക്കിൻ്റെ പേരിൽ ഇന്ത്യക്ക് ടെസ്റ്റ് ചാമ്പ്യഷിപ്പ് പോയിന്റ് നഷ്ടം. ഒരു പോയിൻ്റാണ് മാച്ച് റഫറി വെട്ടിക്കുറച്ചത്. ഇതോടൊപ്പം മാച്ച് ഫീയുടെ 20 ശതമാനം ഇന്ത്യൻ ടീം പിഴയൊടുക്കുകയും വേണം. ഐതിഹാസിക ടെസ്റ്റ് ജയം സ്വന്തമാക്കിയെങ്കിലും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിൻ്റ് നഷ്ടമായത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ്.
സെഞ്ചൂറിയനിൽ വിജയിക്കുന്ന ആദ്യ ടെസ്റ്റ് ടീം എന്ന നേട്ടമാണ് ഇന്ത്യ ആദ്യ ടെസ്റ്റ് ജയത്തോടെ സ്വന്തമാക്കിയത്. എന്നാൽ, നിശ്ചിത സമയത്ത് ഒരു ഓവർ കുറവാണ് ഇന്ത്യ എറിഞ്ഞത്. എത്ര ഓവറാണോ കുറയുന്നത് അത്രയും പോയിൻ്റുകളാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിൻ്റുകളിൽ നിന്ന് കുറയ്ക്കുക. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിൻ്റ് ടേബിളിൽ നാലാമതാണ് ഇന്ത്യ.ഇതുവരെ ആകെ 3 പോയിൻ്റുകൾ ഇന്ത്യയിൽ നിന്ന് കുറച്ചിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയെ 113 റൺസിനാണ് ഇന്ത്യ തകർത്തത്. ഇന്ത്യ ഉയർത്തിയ 305 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 191 റൺസിന് പുറത്തായി. സ്‌കോർ: ഇന്ത്യ – 327/10, 174/10, ദക്ഷിണാഫ്രിക്ക – 197/10, 191/10.
മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രീതം ബുംറയും ഷമിയുമാണ് പ്രോട്ടീസിനെ തകർത്തത്. അശ്വിൻ രണ്ടു വിക്കറ്റെടുത്തു. നാലു വിക്കറ്റ് നഷ്ടത്തിൽ 94 റൺസെന്ന നിലയിൽ അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച പ്രോട്ടീസിന് 156 പന്തിൽ നിന്ന് 12 ബൗണ്ടറിയടക്കം 77 റൺസെടുത്ത ക്യാപ്റ്റൻ ഡീൻ എൽഗറിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്.
പിന്നാലെ 21 റൺസെടുത്ത ക്വിന്റൺ ഡികോക്കിനെ മുഹമ്മദ് സിറാജ് ബൗൾഡാക്കിയതോടെ ദക്ഷിണാഫ്രിക്ക പതറി. പിന്നാലെ മൂന്ന് പന്തുകൾ മാത്രം നേരിട്ട വിയാൻ മൾഡറെ (1) ഷമിയും പുറത്താക്കി.