Cricket

തീപ്പൊരി ബൗളിംഗുമായി ഓസ്ട്രേലിയ; തകർന്ന് ഇന്ത്യ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. രണ്ടാം ദിനം അവസാനിക്കുമ്പോൾ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 151 റൺസാണ് നേടിയിരിക്കുന്നത്. 118 റൺസ് കൂടി നേടിയെങ്കിലേ ഇന്ത്യക്ക് ഫോളോ ഓൺ ഒഴിവാക്കാൻ കഴിയൂ. 3 ദിവസം കൂടി ശേഷിക്കെ ഓസ്ട്രേലിയയുടെ ജയം തന്നെയാണ് ഏറ്റവും സാധ്യതയുള്ള മത്സരഫലം.

രണ്ടാം ദിനം ചായയ്ക്ക് പിരിയുമ്പോൾ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 37 റൺസ് എന്ന നിലയിലായിരുന്നു. രണ്ട് ഓപ്പണർമാരെയും ഇന്ത്യക്ക് വേഗം നഷ്ടമായി. രോഹിത് ശർമയെ (15) പാറ്റ് കമ്മിൻസ് വിക്കറ്റിനു മുന്നിൽ കുരുക്കിയപ്പോൾ ശുഭ്മൻ ഗില്ലിനെ (13) സ്കോട്ട് ബോളണ്ട് ക്ലീൻ ബൗൾഡാക്കി. മൂന്നാം വിക്കറ്റിൽ 20 റൺസിൻ്റെ കൂട്ടുകെട്ടിനൊടുവിൽ ചേതേശ്വർ പൂജാര (14) കാമറൂൺ ഗ്രീനിൻ്റെ പന്തിൽ കുറ്റി തെറിച്ച് മടങ്ങി. വിരാട് കോലിക്കും (14) പിടിച്ചുനിൽക്കാനായില്ല. കോലി മിച്ചൽ സ്റ്റാർക്കിൻ്റെ പന്തിൽ സ്റ്റീവ് സ്‌മിത്ത് പിടിച്ചുപുറത്താവുകയായിരുന്നു.

അഞ്ചാം വിക്കറ്റിൽ അജിങ്ക്യ രഹാനെയും രവീന്ദ്ര ജഡേജയും ചേർന്നാണ് ഇന്ത്യയെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. ആക്രമിച്ചുകളിച്ച ജഡേജ 51 പന്തിൽ 48 റൺസ് നേടി പുറത്താവുകയായിരുന്നു. നതാൻ ലിയോണിൻ്റെ പന്തിൽ സ്റ്റീവ് സ്‌മിത്തിനു പിടികൊടുത്ത് മടങ്ങുമ്പോൾ രഹാനെയുമൊത്ത് 71 റൺസാണ് താരം കൂട്ടിച്ചേർത്തിരുന്നത്. നിലവിൽ അജിങ്ക്യ രഹാനെ (29), ശ്രീകർ ഭരത് (5) എന്നിവരാണ് ക്രീസിൽ.

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 469 റൺസ് ആണ് നേടിയത്. 163 റൺസ് നേടിയ ട്രാവിസ് ഹെഡ് ആണ് ഓസീസിൻ്റെ ടോപ്പ് സ്കോറർ. സ്റ്റീവ് സ്‌മിത്ത് (121), അലക്സ് കാരി (48) എന്നിവരും ഓസീസിനു വേണ്ടി തിളങ്ങി. ഇന്ത്യക്കായി മുഹമ്മദ് സിറാജ് 4 വിക്കറ്റ് വീഴ്ത്തി.