Cricket

ഓപ്പണർമാർ മടങ്ങി; ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് മോശം തുടക്കം

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് മോശം തുടക്കം. രണ്ടാം ദിനം ചായയ്ക്ക് പിരിയുമ്പോൾ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 37 റൺസ് എന്ന നിലയിലാണ്. രണ്ട് ഓപ്പണർമാരെയും ഇന്ത്യക്ക് നഷ്ടമായി. രോഹിത് ശർമയെ (15) പാറ്റ് കമ്മിൻസ് വിക്കറ്റിനു മുന്നിൽ കുരുക്കിയപ്പോൾ ശുഭ്മൻ ഗില്ലിനെ (13) സ്കോട്ട് ബോളണ്ട് ക്ലീൻ ബൗൾഡാക്കി. നിലവിൽ ചേതേശ്വർ പൂജാരയും (3) വിരാട് കോലിയും (4) ക്രീസിൽ തുടരുകയാണ്. 

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 469 റൺസ് ആണ് നേടിയത്. 163 റൺസ് നേടിയ ട്രാവിസ് ഹെഡ് ആണ് ഓസീസിൻ്റെ ടോപ്പ് സ്കോറർ. സ്റ്റീവ് സ്‌മിത്ത് (121), അലക്സ് കാരി (48) എന്നിവരും ഓസീസിനു വേണ്ടി തിളങ്ങി. ഇന്ത്യക്കായി മുഹമ്മദ് സിറാജ് 4 വിക്കറ്റ് വീഴ്ത്തി.

3 വിക്കറ്റ് നഷ്ടത്തിൽ 76 റൺസ് എന്ന നിലയിൽ ഇന്ത്യയുടെ നിയന്ത്രണത്തിലായിരുന്ന കളി നാലാം വിക്കറ്റിൽ ഹെഡും സ്‌മിത്തും ചേർന്നാണ് തട്ടിയെടുത്തത്. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ഹെഡ് വേഗത്തിൽ സ്കോർ ചെയ്തപ്പോൾ സ്‌മിത് തൻ്റെ സ്വതസിദ്ധ ശൈലിയിൽ കളി കെട്ടിപ്പടുത്തു. 285 റൺസിൻ്റെ പടുകൂറ്റൻ കൂട്ടുകെട്ടാണ് സഖ്യം പടുത്തുയർത്തിയത്. ആദ്യ ദിനം ഇന്ത്യക്ക് ഒരു പഴുതും നൽകാതെ മുന്നേറിയ സഖ്യം രണ്ടാം ദിവസത്തിലെ ആദ്യ സെഷനിൽ തന്നെ വേർപിരിഞ്ഞു. ഹെഡിനെ ശ്രീകർ ഭരതിൻ്റെ കൈകളിലെത്തിച്ച മുഹമ്മദ് സിറാജ് ആണ് ഇന്ത്യയുടെ തിരിച്ചടിയ്ക്ക് തുടക്കമിട്ടത്. ഇതിനിടെ സ്‌മിത്ത് സെഞ്ചുറി തികച്ചു.

പിന്നീട് ഓസ്ട്രേലിയക്ക് തുടരെ വിക്കറ്റുകൾ നഷ്ടമായി. കാമറൂൺ ഗ്രീനെ (6) ഷമി ശുഭ്മൻ ഗില്ലിൻ്റെ കൈകളിലെത്തിച്ചപ്പോൾ സ്റ്റീവ് സ്‌മിത്തിനെ ശാർദുൽ താക്കൂർ ക്ലീൻ ബൗൾഡാക്കി. മിച്ചൽ സ്റ്റാർക്ക് (5) അക്സർ പട്ടേലിൻ്റെ നേരിട്ടുള്ള ത്രോയിൽ റണ്ണൗട്ടായി. എട്ടാം വിക്കറ്റിൽ അലക്സ് കാരിയും പാറ്റ് കമ്മിൻസും ചേർന്ന് 51 റൺസ് കൂട്ടിച്ചേർത്തു. കാരിയെ വിക്കറ്റിനു മുന്നിൽ കുരുക്കിയ രവീന്ദ്ര ജഡേജ ഈ കൂട്ടുകെട്ട് പൊളിച്ചു. നതാൻ ലിയോണിൻ്റെ (9) കുറ്റിപിഴുത്, കമ്മിൻസിനെ രഹാനെയുടെ കൈകളിലെത്തിച്ച സിറാജ് ഓസീസ് ഇന്നിംഗ്സിനു തിരശീലയിട്ടു.