Cricket Sports

സൂക്ഷിക്കുക… ഈ കാറ്റ് കരീബിയനില്‍ നിന്നാണ്…

കൂറ്റന്‍ അടികള്‍ പിറന്ന വെസ്റ്റ് ഇന്‍റീസ് – ന്യൂസിലാന്‍റ് സന്നാഹ മത്സരത്തില്‍ കരീബിയന്‍ പടക്ക് വിജയം. ആദ്യം ബാറ്റ് ചെയ്ത വിന്‍റീസ് 421 എന്ന കൂറ്റന്‍ സ്കോര്‍ കീവിപടക്ക് മുന്നില്‍ പടുത്തുയര്‍ത്തുകയായിരുന്നു. ക്രീസിലിറങ്ങിയ ഒട്ടുമിക്ക ബാറ്റ്സ്മാന്മാരും 20 റണ്‍സ് കടന്നതോടെ മികച്ച ഒരു ടീം വര്‍ക്ക് പുറത്ത് വരികയായിരുന്നു. ഷായ് ഹോപ്പ് സെഞ്ച്വറിയും റസല്‍, ഈവന്‍ ലൂയീസ് എന്നിവര്‍ അര്‍ദ്ദസെഞ്ച്വറിയും കുറിച്ചതോടെ സ്കോര്‍ ബോര്‍ഡ് കുതിച്ചു. അവസാന ഓവറില്‍ റസലിന്‍റെ വെടിക്കെട്ടിന് ഐ.പി.എല്ലിന് ശേഷം ലോകകപ്പും സാക്ഷ്യം വഹിക്കാന്‍ പോകുന്നു എന്നതിനുള്ള സൂചനകളാണ് സന്നാഹ മത്സരത്തിലെ പ്രകടനം ഉറപ്പ് തരുന്നത്. 25 പന്തുകളില്‍ നിന്ന് ഏഴ് ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്ന ഇന്നിങ്സില്‍ 54 റണ്‍സാണ് റസലിന്‍റെ സമ്പാദ്യം. ട്രെന്‍റ് ബൌള്‍ട്ട് നാല് വിക്കറ്റ് വീഴ്ത്തി വീണ്ടും തിളങ്ങി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍റ് പൊരുതി നോക്കിയെങ്കിലും 330 റണ്‍സില്‍ ഒതുങ്ങി. നായകന്‍ കെയിന്‍ വില്യംസണ്‍ 85 റണ്‍സും ടോം ബ്ലണ്ടല്‍ 106 റണ്‍സുമെടുത്തെങ്കിലും അതിലും കൂടുതല്‍ കിവികള്‍ക്ക് വേണ്ടിയിരുന്നു. വെസ്റ്റ് ഇന്‍റീസിനായി ബ്രാത്ത്വൈറ്റ് മുന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഇന്ത്യ ബംഗ്ലാദേശിനേയും വീഴ്ത്തിയതോടെ സന്നാഹ മത്സരങ്ങള്‍ക്ക് അവസാനമായി. ഇനി വെറും ഒരു നാളത്തെ കാത്തിരിപ്പ്.