ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരിയതോടെ ഐ.സി.സി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ബഹുദൂരം മുന്നില്‍. ഒടുവിലത്തെ കണക്കുകള്‍ പ്രകാരം ഇന്ത്യക്കിപ്പോള്‍ 240 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള ന്യൂസിലാന്‍ഡിനെക്കാള്‍ 180 പോയിന്റ് മുന്നില്‍. രണ്ടാം സ്ഥാനത്തുള്ള ന്യൂസിലാന്‍ഡിനും മൂന്നാം സ്ഥാനത്തുള്ള ശ്രീലങ്കയ്ക്കും 60 പോയിന്റ് വീതമാണ്.
നാലും അഞ്ചും സ്ഥാനങ്ങളിലുള്ള ആസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനും 56 പോയിന്റ് വീതവും. ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, പാകിസ്താന്‍,വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ ഇതുവരെ അക്കൗണ്ട് തുറന്നിട്ടില്ല. ഇതില്‍ ബംഗ്ലാദേശും പാകിസ്താനും ഇതുവരെ ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി ടെസ്റ്റ് കളിച്ചിട്ടില്ല. രസകരമായ മറ്റൊരു സംഭവം എന്തെന്നാല്‍ എല്ലാ ടീമുകളുടെയും പോയിന്റുകള്‍ കൂട്ടിയാല്‍ പോലും ഇന്ത്യയ്ക്കൊപ്പമെത്തില്ല എന്നതാണ്. ഇതുവരെ ഇന്ത്യ രണ്ട് ടെസ്റ്റ് പരമ്പരകളാണ് കളിച്ചത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ അവരുടെ നാട്ടിലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സ്വന്തം നാട്ടിലും.
വിന്‍ഡീസിനെതിരെ രണ്ടും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നും മത്സരങ്ങളായിരുന്നു പരമ്പരയിലുണ്ടായിരുന്നത്. അഞ്ചിലും ഇന്ത്യ വിജയിച്ചു. ബംഗ്ലാദേശുമായാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര. നിലവിലെ ഫോം നോക്കുകയാണെങ്കില്‍ ഇന്ത്യയെ പരാജയപ്പെടുത്തുക ബംഗ്ലാദേശിന് വന്‍വെല്ലുവിളിയാകും. അതിനാല്‍ ഇന്ത്യയുടെ പോയിന്റ് ഇനിയും വര്‍ധിക്കാനാണ് സാധ്യത. അവസാനം കളിച്ച റാഞ്ചി ടെസ്റ്റില്‍ ഇന്നിങ്‌സിനും 202 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ ജയം.