Cricket Sports

ഏകദിന ലോകകപ്പ് ഫൈനല്‍; വിവാദമായ ബൗണ്ടറി നിയമം ഒഴിവാക്കാന്‍ ഐ.സി.സി

ഇക്കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ മറികടന്ന് ഇംഗ്ലണ്ട് തങ്ങളുടെ കന്നി ലോകകപ്പില്‍ മുത്തമിട്ടപ്പോള്‍ ആഞ്ഞടിച്ചത് വന്‍ വിവാദ കൊടുങ്കാറ്റായിരുന്നു. ലോകകപ്പ് ജേതാക്കളെ നിര്‍ണയിച്ച ഐ.സി.സിയുടെ വിവാദ നിയമം ആയിരുന്നു ആ കോളിളക്കങ്ങള്‍ക്ക് അടിസ്ഥാനം.

ലോകകപ്പ് ഫൈനലില്‍ നിശ്ചിത ഓവറുകള്‍ക്കും സൂപ്പര്‍ ഓവറിനും ശേഷം മത്സരം സമനിലയില്‍ അവസാനിച്ചതോടെയാണ് ജേതാക്കളെ തെരഞ്ഞെടുക്കാന്‍ ബൗണ്ടറി നിയമം ഐ.സി.സി പ്രയോഗിച്ചത്. ഏറ്റവും കൂടുതല്‍ ബൗണ്ടറി നേടിയ ടീമിനെ ലോക ജേതാക്കളായി ഐ.സി.സി പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ 17 ബൗണ്ടറി നേടിയ ന്യൂസിലന്‍ഡിനെ മറികടന്ന് 22 ബൗണ്ടറികള്‍ നേടിയ ഇംഗ്ലണ്ട് ജേതാക്കളാകുകയും ചെയ്തു. ഇത് പിന്നീട് കടുത്ത നീതി നിഷേധമായി ക്രിക്കറ്റ് ആരാധകര്‍ വിലയിരുത്തി. നിരവധി മുന്‍ താരങ്ങളും ഈ വിചിത്ര നിയമത്തിനെതിരെ രംഗത്തുവന്നിരുന്നു.

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മുൻ ഇന്ത്യൻ ക്യാപ്റ്റൻ അനിൽ കുംബ്ലെയുടെ നേതൃത്വത്തിലുള്ള ഐ.സി.സി ക്രിക്കറ്റ് കമ്മിറ്റിയുടെ ശുപാർശയെത്തുടർന്നാണ് ഈ വിവാദ നിയമം ഒഴിവാക്കാന്‍ തീരുമാനിച്ചത്. ഇനി മുതല്‍ സെമികളിലും ഫൈനലുകളിലും സൂപ്പര്‍ ഓവര്‍ സമനില ആവുകയാണെങ്കില്‍ വിജയിയെ കണ്ടെത്തുന്നതു വരെ സൂപ്പര്‍ ഓവര്‍ തുടരും. ഐ.സി.സി ക്രിക്കറ്റ് കമ്മിറ്റിയും ചീഫ് എക്സിക്യൂട്ടീവ് കമ്മിറ്റിയും സംയുക്തമായാണ് ഈ തീരുമാനമെടുത്തത്. ഗ്രൂപ്പ് ഘട്ടങ്ങളില്‍, സൂപ്പർ ഓവർ സമനിലയിലായാൽ മത്സരം സമനിലയില്‍ തന്നെ കലാശിക്കും. സെമി ഫൈനലുകളിലും ഫൈനലുകളിലും, മത്സരഫലം വരുന്നതു വരെ സൂപ്പർ ഓവർ ആവർത്തിക്കും.