Cricket Sports

ആദ്യം രാജ്യം, പിന്നെ ലോകകപ്പ്; നിലപാട് വ്യക്തമാക്കി അസ്ഹറുദ്ദീന്‍

പുല്‍വാമ ഭീകരാക്രമണ പശ്ചാതലത്തില്‍ ലോകകപ്പില്‍ പാകിസ്താനെതിരെ ഇന്ത്യ കളിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കവെ നിലപാട് വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. ലോകകപ്പില്‍ പാകിസ്താനെതിരെ ഇന്ത്യ കളിക്കരുതെന്ന് അസ്ഹറുദ്ദീന്‍ പറഞ്ഞു. മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങും പാകിസ്താനെതിരെ ഇന്ത്യ കളിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ലോകകപ്പില്‍ തന്നെ ഇന്ത്യ കളിക്കണമോ എന്ന കാര്യം പരിഗണിക്കണമെന്നും രാജ്യത്തോളം വരില്ല ക്രിക്കറ്റെന്നുമായിരുന്നു ഇരുവരുടെയും അഭിപ്രായം.

ഹര്‍ഭജന്‍ സിങാണ് വിഷയത്തില്‍ രൂക്ഷ പ്രതികരണവുമായി ആദ്യം രംഗത്ത് എത്തിയ ക്രിക്കറ്റര്‍. എന്തിനാണ് പ്രാധാന്യം നല്‍കേണ്ടത്, സ്‌പോര്‍ട്‌സിനോ അതോ രാജ്യത്തിനോ, രാജ്യവുമായി നോക്കുകയാണെങ്കില്‍ ലോകകപ്പ് ക്രിക്കറ്റ് എന്നത് ചെറുതാണ്, 40 ജവാന്മാരെയാണ് നമുക്ക് നഷ്ടമായത്, ആരാണ് അതിന് വില നല്‍കേണ്ടത്, രാജ്യത്തിന് വേണ്ടി എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും ഇനി 2019ലെ ലോകകപ്പ് തന്നെ കളിച്ചില്ലേലും പ്രശ്‌നമില്ലെന്നുമായിരുന്നു ഹര്‍ഭജന്‍ സിങിന്റെ പ്രസ്താവന.

ഹര്‍ഭജന്റെ അഭിപ്രായത്തോട് യോജിക്കുന്നുവെന്ന് പറഞ്ഞാണ് അസ്ഹര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. ഒരു നിലയിലും പാകിസ്താനെതിരെ ഇന്ത്യ കളിക്കരുതെന്ന് പറഞ്ഞ അസ്ഹര്‍ രാജ്യത്തോളും പ്രാധാന്യം ക്രിക്കറ്റിനില്ലെന്നും വ്യക്തമാക്കി. 1999ലെ കാര്‍ഗില്‍ യുദ്ധസമയത്ത് നടന്ന ഇന്ത്യ-പാക് ലോകകപ്പ് മത്സരത്തിനിടെ കാണികള്‍ തമ്മില്‍ ഏറ്റുമുട്ടുമോ എന്ന് ഭയന്നിരുന്നതായും അസ്ഹര്‍ പറഞ്ഞു. അന്നത്തെ ലോകകപ്പില്‍ ഇന്ത്യയെ നയിച്ചത് അസ്ഹറായിരുന്നു.

അന്ന് സമ്മര്‍ദത്തിലായിരുന്നു, കാരണം യുദ്ധം ഒരു ഭാഗത്ത് നടക്കുന്നു, കാണികള്‍ തമ്മില്‍ ഏറ്റുമുട്ടുമോ എന്ന് ഭയപ്പെട്ടിരുന്നു, എന്നാല്‍ ആ മത്സരത്തില്‍ നമ്മള്‍ ജയിച്ചു, സൈനികര്‍ ആ വിജയം ആഘോഷമാക്കിയെന്നും അസ്ഹര്‍ പറഞ്ഞു.