Cricket Sports

ധോണിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് പാകിസ്താന്‍ മന്ത്രി

ദക്ഷിണാഫ്രിക്കക്കെതിരായ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അധികാര ചിഹ്നമുള്ള ഗ്ലൗസ് ധരിച്ച് കളിക്കാനിറങ്ങിയ എം.എസ് ധോണിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് പാകിസ്താന്‍ മന്ത്രി ഫവാദ് ചൌദരി.

ഇംഗ്ലണ്ടില്‍ ധോണി പോയത് ലോകകപ്പ് ക്രിക്കറ്റ് കളിക്കാനാണെന്നും അല്ലാതെ മഹാഭാരതം കളിക്കാനല്ലെന്നുമാണ് പാക് മന്ത്രിയുടെ വിമര്‍ശം. ഇതെന്തു വിഡ്ഢിത്തമാണ് ഇന്ത്യന്‍ മാധ്യമങ്ങളിലെ ചര്‍ച്ചകളില്‍ നടക്കുന്നത്. ഇന്ത്യന്‍ മാധ്യമങ്ങളിലെ ഒരു വിഭാഗം യുദ്ധക്കൊതിയന്‍മാരാണെന്നും അവരെ കൂലിപ്പടയാളികളായി സിറിയയിലേക്കോ അഫ്ഗാനിലേക്കോ റുവാണ്ടയിലേക്കോ പറഞ്ഞയക്കണമെന്നും ഫവാദ് ട്വീറ്റില്‍ വിമര്‍ശിച്ചു.

ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിലാണ് എം.എസ് ധോനി കരസേനയുടെ ബലിദാന്‍ ചിഹ്നം ആലേഖനം ചെയ്ത ഗ്ലൗസ് ധരിച്ച് കളിക്കാനിറങ്ങിയത്. ഈ ഗ്ലൗസ് ധരിച്ചതിനെതിരെ ഐ.സി.സിയും രംഗത്തു വന്നിരുന്നു. ദക്ഷിണാഫ്രിക്കൻ താരം ആൻഡെൽ ഫെലുക്വായോവിനെ സ്റ്റംപ് ചെയ്ത് പുറത്താക്കുമ്പോഴുള്ള ധോണിയുടെ ചിത്രത്തിൽ ഈ ഗ്ലൗസ് വ്യക്തമായിരുന്നു. വൈറലായ ഈ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് സാമൂഹ്യ മാധ്യമങ്ങളിൽ ലഭിച്ചിരുന്നത്.