Cricket Sports

ഐ.പി.എല്‍ സ്‌പോണ്‍സറായി വിവോ തുടരുമെന്ന് ബി.സി.സി.ഐ

ഐ.പി.എല്ലിന്റെ പ്രധാന സ്‌പോണ്‍സര്‍മാരാണ് ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ വിവോ…

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ സ്‌പോണ്‍സറായി ചൈനീസ് കമ്പനി വിവോ തുടരുമെന്ന് ബി.സി.സി.ഐ ട്രഷറര്‍ അരുണ്‍ ധുമാല്‍. ഇന്ത്യ ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന പ്രചാരണം ശക്തിപ്പെടുന്നതിനിടെയാണ് ബി.സി.സി.ഐ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഐ.പി.എല്ലിന്റെ പ്രധാന സ്‌പോണ്‍സര്‍മാരാണ് ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ വിവോ.

ചൈനീസ് കമ്പനിയെ സഹായിക്കുന്നതും ഇന്ത്യയിലെ കാര്യങ്ങള്‍ക്ക് ചൈനീസ് കമ്പനി സഹായിക്കുന്നതും തമ്മിലുള്ള വ്യത്യാസം മനസിലാക്കണമെന്നാണ് ബി.സി.സി.ഐ ട്രഷറര്‍ പറയുന്നത്. ഒരു ചൈനീസ് കമ്പനി ഇന്ത്യക്കാര്‍ക്ക് ഫോണുകള്‍ വില്‍ക്കുകയും ആ കമ്പനി അതിന്റെ പേരില്‍ ഇന്ത്യക്ക് നികുതി നല്‍കുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് ഇന്ത്യയെയാണ് സഹായിക്കുന്നതെന്നാണ് ധുമാലിന്റെ വിശദീകരണം.

രാജ്യത്ത് ചൈനീസ് നിക്ഷേപങ്ങള്‍ അനുവദിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനിക്കേണ്ടത് ബി.സി.സി.ഐയല്ല. ദീര്‍ഘകാലത്തേക്കുള്ള കരാറില്‍ നിന്നും പൊടുന്നനെ പിന്മാറാന്‍ ക്രിക്കറ്റ് ബോര്‍ഡിനാവില്ലെന്നും ധുമാല്‍ പറഞ്ഞു.

”ഞങ്ങള്‍ ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നതിന് എതിരല്ല. ഇന്ത്യക്കാരായ ഉപഭോക്താക്കളില്‍ നിന്നും അവര്‍ക്ക് പണം കിട്ടുന്നില്ലെങ്കില്‍ സന്തോഷമേയുള്ളൂ. എന്നാല്‍ ചൈനീസ് കമ്പനിക്ക് ഇപ്പോള്‍ ബി.സി.സി.ഐക്ക് പണം നല്‍കാനാണ് ബാധ്യത. വിവോയുമായുള്ള കരാര്‍ ഞങ്ങളുടെ മുന്‍ഗാമികളാണ് തയ്യാറാക്കിയത്. ഔപചാരിക കരാറായതിനാല്‍ ഒറ്റയടിക്ക് പിന്മാറാനാവില്ല”

അരുണ്‍ ധുമാല്‍

വിവോയുമായുള്ള അഞ്ച് വര്‍ഷത്തെ കരാറില്‍ ബി.സി.സി.ഐക്ക് 2,199 കോടി രൂപയാണ് ലഭിക്കുക. 2022 ജൂലൈ 31നാണ് വിവോയുമായുള്ള കരാര്‍ അവസാനിക്കുക.