Cricket Sports

വനിതാ ലോകകപ്പ്: ഇന്ത്യ നാളെ ന്യൂസീലൻഡിനെതിരെ

വനിതാ ലോകകപ്പിൽ ഇന്ത്യയ്ക്ക് നാളെ രണ്ടാം മത്സരം. ആതിഥേയരായ ന്യൂസീലൻഡ് ആണ് ഇന്ത്യയുടെ എതിരാളികൾ. രണ്ട് ടീമുകളും തങ്ങളുടെ ആദ്യ മത്സരത്തിൽ വിജയിച്ചിരുന്നു. ഇന്ത്യൻ സമയം രാവിലെ 6.30ന് ഹാമിൽട്ടണിലെ സെഡ്ഡൻ പാർക്കിൽ മത്സരം ആരംഭിക്കും. ലോകകപ്പിനു മുൻപ് നടന്ന ഇന്ത്യയുടെ ന്യൂസീലൻഡ് പര്യടനത്തിൽ കൂറ്റൻ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യക്ക് പക വീട്ടൽ കൂടിയാണ് മത്സരം. ആദ്യ മത്സരത്തിൽ വിൻഡീസിനോട് പരാജയപ്പെട്ട ന്യൂസീലൻഡ് അടുത്ത മത്സരത്തിൽ പാകിസ്താനെ 9 വിക്കറ്റിനു തുരത്തി. ഇന്ത്യയാവട്ടെ പാകിസ്താനെ പരാജയപ്പെടുത്തിയാണ് രണ്ടാം മത്സരത്തിലേക്ക് എത്തുന്നത്. (womens cup india newzealand)

ന്യൂസീലൻഡിൽ ഒരു ടി-20യും അഞ്ച് ഏകദിനങ്ങളും കളിച്ചപ്പോൾ ഇന്ത്യയ്ക്ക് ആകെ വിജയിക്കാനായത് അവസാനത്തെ ഒരു ഏകദിന മത്സരത്തിൽ മാത്രമാണ്. അമേലിയ കെറിൻ്റെ അവിശ്വസനീയ ഫോം തന്നെയാണ് ഇന്ത്യയെ വലയ്ക്കുന്നത്. മൂന്നാം നമ്പറിൽ കെർ ഒരു ഭീഷണി തന്നെയാണ്. സോഫി ഡിവൈൻ, സൂസി ബേറ്റ്സ്, അമേലിയ കെർ, ഏമി സാറ്റർത്‌വെയ്റ്റ് എന്നിവരെ വേഗം മടക്കിയെങ്കിലേ ഇന്ത്യക്ക് പ്രതീക്ഷ വെക്കാനാവൂ. വിൻഡീസിനെതിരെ സൂസി ബേറ്റ്സ് ഒഴികെയുള്ള ടോപ്, മിഡിൽ ഓർഡറുകൾ തകർന്നടിഞ്ഞപ്പോൾ വാലറ്റമാണ് ആതിഥേയരെ വിൻഡീസ് സ്കോറിന് 3 റൺസകലെ എത്തിച്ചത്. അതുകൊണ്ട് തന്നെ ന്യൂസീലൻഡിൻ്റെ ബാറ്റിംഗ് ഡെപ്ത് വളരെ കൂടുതലാണ്. ഇത് ഇന്ത്യയെ വലയ്ക്കും. രാജേശ്വരി ഗെയ്ക്‌വാദും ഝുലൻ ഗോസ്വാമിയും പൂജ വസ്ട്രാക്കറുമാണ് ഇന്ത്യൻ ബൗളിംഗിൻ്റെ കുന്തമുന. ഝുലനൊപ്പം ന്യൂ ബോൾ പങ്കിടുന്ന മേഘന സിംഗ് ന്യൂസീലൻഡ് പര്യടനത്തിൽ നിരാശപ്പെടുത്തിയിരുന്നു. ഇതും ഇന്ത്യക്ക് തലവേദനയാണ്.

ബാറ്റിംഗ് പരിഗണിക്കുമ്പോൾ ഒറ്റക്ക് മത്സരത്തിൻ്റെ ഗതി നിർണയിക്കാൻ ശേഷിയുള്ള കൗമാര താരം ഷഫാലി വർമ്മയുടെ ഫോമൗട്ട് ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ്. ന്യൂസീലൻഡ് പര്യടനത്തിൽ അതിഗംഭീര പ്രകടനങ്ങൾ നടത്തിയ സബ്ബിനേനി മേഘന, ലഭിച്ച അവസരങ്ങളിൽ തിളങ്ങിയ യസ്തിക ഭാട്ടിയ എന്നീ താരങ്ങൾ പുറത്തിരിക്കവെ ഫോമിൽ അല്ലാത്ത ഷഫാലിയെ പരിഗണിക്കുന്നത് തിരിച്ചടി ആയേക്കും. ഫോമിലേക്കുള്ള ഹർമൻപ്രീത് കൗറിൻ്റെ തിരിച്ചുവരവ്, മൂന്നാം നമ്പറിൽ തകർപ്പൻ പ്രകടനം നടത്തുന്ന ദീപ്തി ശർമ്മ എന്നിവരിലാണ് ഇന്ത്യയുടെ പ്രതീക്ഷകൾ. ക്യാപ്റ്റൻ മിതാലി രാജ്, റിച്ച ഘോഷ്, സ്നേഹ് റാണ, പൂജ വസ്ട്രാക്കർ എന്നിങ്ങനെ നീളുന്ന ബാറ്റിംഗ് നിരയിൽ പ്രതീക്ഷ വെക്കാം. എന്നാൽ, ന്യൂസീലൻഡിൻ്റെ ഫോമും ഇന്ത്യയുടെ ബൗളിംഗ് നിരയും പരിഗണിക്കുമ്പോൾ ജയത്തിനായി നമ്മൾ വിയർക്കും.