Cricket Sports

വനിതാ ട്വന്റി-20 ലോകകപ്പ്; പാകിസ്താനെ തകർത്ത് വിജയത്തുടക്കവുമായി ടീം ഇന്ത്യ

2023 വനിതാ ട്വന്റി 20 ലോകകപ്പില്‍ ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ വിജയത്തുടക്കവുമായി ടീം ഇന്ത്യ. ഏഴുവിക്കറ്റിന് പാകിസ്താനെ തകർത്തുകൊണ്ടാണ് ഇന്ത്യ വിജയതീരത്തെത്തിയത്. പാകിസ്താന്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിൽ 149 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 19 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. ട്വന്റി 20 ലോകകപ്പില്‍ ചേസിങ്ങിലെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്.

ഇന്ത്യയ്ക്കായി ജെമീമ റോഡ്രിഗസ് 38 പന്തുകളില്‍ നിന്ന് എട്ട് ബൗണ്ടറിയുടെ സഹായത്തോടെ പുറത്താവാതെ 53 റണ്‍സെടുത്തു. വാലറ്റത്ത് റിച്ച ഘോഷും മികച്ച പ്രകടനം പുറത്തെടുത്തു. 20 പന്തുകളില്‍ നിന്ന് അഞ്ച് ബൗണ്ടറി ഉൾപ്പടെ 31 റണ്‍സാണ് പുറത്താവാതെ റിച്ച ഘോഷ് നേടിയത്. അവസാന ഓവറുകളില്‍ റിച്ചയും ജെമീമയും ചേർന്ന് നടത്തിയ പ്രകടനമാണ് ഇന്ത്യയെ അനായാസ വിജയത്തിലേക്ക് എത്തിച്ചത്.

മറുപടി ബാറ്റിം​ഗ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണര്‍മാരായ യസ്തിക ഭാട്ടിയയും ഷഫാലി വര്‍മയും ചേർന്ന് ആദ്യ വിക്കറ്റില്‍ 38 റണ്‍സ് ചേര്‍ത്തു. 17 റണ്‍സെടുത്ത യസ്തികയെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. ഷഫാലി 25 പന്തില്‍ 33 റണ്‍സെടുത്താണ് ക്രീസ് വിട്ടത്. മൂന്നാമതായി ക്രീസിലെത്തിയ ജെമീമയാണ് പാകിസ്താനെ തകർക്കുന്നതിൽ പ്രധാന പങ്കു വഹിച്ചത്. ഇന്ത്യൻ ക്യാപ്റ്റൻ ഹര്‍മന്‍ പ്രീത് സിങ്ങിന് 16 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഐമാന്‍ അന്‍വര്‍ ചെയ്ത 18-ാം ഓവറില്‍ റിച്ച ഘോഷ് മൂന്ന് ഫോറുകളാണ് നേടിയത്.

പാകിസ്താന് വേണ്ടി നഷ്‌റ സന്ധു രണ്ടും സാദിയ ഇഖ്ബാല്‍ ഒന്നും വിക്കറ്റ് വീഴ്ത്തി. 55 പന്തുകളില്‍ നിന്ന് ഏഴ് ബൗണ്ടറിയുടെ സഹായത്തോടെ പുറത്താവാതെ 68 റണ്‍സെടുത്ത നായിക ബിസ്മ മറൂഫിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് പാകിസ്താനെ നല്ല സ്കോറിലെത്തിച്ചത്. ട്വന്റി 20യില്‍ ഇന്ത്യയ്‌ക്കെതിരേ പാകിസ്താന്‍ നേടുന്ന ഏറ്റവുമുയര്‍ന്ന സ്‌കോറാണിത്. ആറാമതായി ക്രീസിലെത്തിയ അയേഷ നസീം 24 പന്തുകളില്‍ നിന്ന് 43 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. രണ്ട് വീതം സിക്‌സും ഫോറുമാണ് അയേഷ നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി രാധാ യാദവ് രണ്ട് വിക്കറ്റെടുത്തു. പൂജ വസ്ത്രാകര്‍, ദീപ്തി ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. മൂനീബ അലി (12), ജവേരിയ ഖാന്‍ (8), നിദ ദാര്‍ (0), സിദ്ര അമീന്‍ (11) എന്നിവർക്ക് പാകിസ്താൻ നിരയിൽ തിളങ്ങാനായില്ല.